November 27, 2024, 5:28 pm

പടിപൂജയുടെ നിറവിൽ സന്നിധാനം

ശബരിമല :-വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദർശനത്തിനായി ഭക്തർ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ച് പടിപൂജ. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയിൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ്വ കാഴ്ചയ്ക്കാണ് ബുധനാഴ്ച സന്ധ്യയിൽ സന്നിധാനത്ത് ആയിരങ്ങൾ സാക്ഷിയായത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലും മേൽശാന്തി പി. എൻ മഹേഷ് നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടി പൂജ നടന്നത്. പൂജയുടെ തുടക്കത്തിൽ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ബുധനാഴ്ച വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ സ്വാമി ഭക്തർ പടിപൂജ കാണാനും കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed