May 15, 2024, 12:49 am

കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പാന മഹോത്സവം

കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പാന മഹോത്സവം മാർച്ച് 9ന് ആരംഭിക്കും.അരിയേറ്, ചെറിയപാന, വലിയപാന, തൂക്കം എന്നിവ അടങ്ങുന്ന അനുഷ്ഠാനപരമായ ചടങ്ങുകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന പാന മഹോത്സവം.മാർച്ച് 9 ശനിയാഴിച്ച രാവിലെ പടയണിയോടെ കാവിൽ പാനക്ക് തുടക്കമാകും. ദാരിക ദാനവേന്ദ്രൻമാരെ ശ്രീഭദ്രകാളി നിഗ്രഹിച്ചതിനെ അനുസ്മരിച്ച് നടത്തുന്ന ചടങ്ങുകളാണ് ആദ്യ ദിനങ്ങളിൽ നടക്കുന്നത്.

കാളിയാറും, കോതയാറും, തൊടുപുഴയാറും ലയിച്ചു ഒരിക്കലും നിലയ്ക്കാത്ത പ്രവാഹമായി കിഴക്ക് പടിഞ്ഞാറൊഴുകുന്ന മൂവാറ്റുപുഴയാറിൻ്റെ പടിഞ്ഞാറേ തീരത്താണ് കളമ്പൂക്കാവിലമ്മയുടെ വാസസ്ഥലം. അമർക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മംഗലാപുരത്ത് നിന്ന് എത്തിയ പോറ്റിയാണ് പൂജ നടത്തിയിരുന്നത്. അദ്ദേഹം പിന്നീട് കിളിമംഗലത്തെ ശാന്തിക്കാരനായി മാറിയെന്നും,അമർക്കുളം ക്ഷേത്രം അടിക്കടി പുരോഗമിച്ചപ്പോൾ കളമ്പൂർ ദേശക്കാർ തിരുമേനിയെ നേരിട്ട് സന്ദർശിച്ചു കളമ്പൂക്കാവിലും വല്ലപ്പോഴും എത്തണമെന്നും അപേക്ഷിച്ചു. അമർക്കുളത്തെ പൂജ കഴിഞ്ഞു തിരുമേനി കളമ്പൂക്കാവിലുമെത്തി എന്നാണ് ഐതിഹ്യം. അതോടെ ക്ഷേത്രം പുരോഗമിക്കുകയും,
അദ്ദേഹത്തിൻ്റെ ശ്രമഫലമായി കളമ്പൂക്കാവ് ഈ നിലയിൽ എത്തുവാൻ കാരണമായന്നും പറയപ്പെടുന്നു.

കളമ്പൂക്കാവിൻ്റെ പഴക്കം എത്രയെന്ന് തിട്ടപ്പെടുത്തുവാൻ അസാധ്യമാണങ്കിലും ഏകദേശം 500 വർഷത്തിന് മുകളിൽ പഴക്കമുണ്ടാകാം. പരമശിവൻ്റെ തൃക്കണ്ണിൽ നിന്ന് പിറവി കൊണ്ട ഭദ്രകാളിയാണ് കളമ്പൂക്കാവിലമ്മ എന്നാണ് വിശ്വാസം.ക്ഷേത്രത്തിന് ചുറ്റുമായുള്ള പെരുവ, മുളക്കുളം കളമ്പൂർ, അമർക്കുളം, കരിക്കോട്, ഇറുമ്പയം, മിടായികുന്നം, പിറവം,പാഴുർ, കൈപ്പട്ടൂർ, വെളിയനാട്, മേവെള്ളൂർ, കീഴുവെള്ളൂർ തിരുമറയൂർ തുടങ്ങിയ 14 കരകളിലെ അധിപയായിരുന്നു കളമ്പൂക്കാവിലമ്മ.
ഈ കരകളിൽ എല്ലാം പറയ്ക്കെഴുന്നള്ളിപ്പ് നടത്തിയിരുന്നു. പാന മഹോത്സവമാണ് കാവിലെ പ്രധാന ഉത്സവം.

പാനക്ക് വ്രതം നോറ്റെത്തുന്ന പുരുഷന്മാർ ദേവിയുടെ അനുചരന്മാരായി എഴുന്നള്ളിപ്പുകൾക്ക് അകമ്പടി സേവിക്കും. പടയണി, അരിയേറ് വിളക്ക്, പാനപ്പുര പൂജ, പാനതുള്ളൽ, പാന എഴുന്നള്ളിപ്പുകൾ, താലപ്പൊലി, പാനപ്പുര വലിയഗുരുതി, ഒറ്റത്തൂക്കം, ദാരികൻ തൂക്കം, ഗരുഡൻതൂക്കം, കെട്ടുകാഴ്ചവരവ്-തുടങ്ങിയവയാണ് പ്രധാന അനുഷ്ഠാനങ്ങൾ. പിന്നീട് പാനക്കാർക്ക് പാരമ്പര്യവിഭവങ്ങളോട് കൂടിയ പാന കഞ്ഞി നൽകും.പാനക്കാർക്ക് നൽകുന്ന പാനക്കഞ്ഞി കാവിലെത്തുന്ന മുഴുവൻ ഭക്തർക്കും വിതരണം ചെയ്യും. ചക്കപ്പുഴുക്ക്, മുതിരപ്പുഴുക്ക്, ഉപ്പിലിട്ടത്, ഉപ്പേരികൾ, നാളികേരം പൂളിയതും, ശർക്കരയുമാണ് പാനക്കഞ്ഞിയോടൊപ്പമുള്ള വിഭവങ്ങൾ.

അരിയേറ് വിളക്ക് മുതൽ ദേവിയുടെ എഴുന്നള്ളിപ്പുകൾക്ക് പാനക്കാർ അകമ്പടി സേവിക്കും. പാന മഹോത്സവത്തിൻ്റെ സമാപന ദിവസത്തിൽ ഉച്ചയ്ക്ക് പാനപ്പുരയിൽ നടക്കുന്ന വലിയ ഗുരുതിയോടെ പാനക്കാർ പിരിയും. ജാതി മതഭേദമന്യേ ആയിരങ്ങൾ ആണ് പാനക്കഞ്ഞി കഴിക്കാനെത്തുന്നത്. നാട്ടിലെ സാധാരണക്കാരും, പാവപ്പെട്ടവരും ഒരുമിച്ചു ചേർന്നു കൊണ്ടാടുന്ന ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കളമ്പൂക്കാവ് ദേവിയുടെ ഉത്സവം. പതിനായിരക്കണക്കിന് വിശ്വാസികളാണ് പുഴ കടന്ന് ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്.