May 14, 2024, 12:15 pm

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി എന്തിന് ജനുവരി 22 തിരഞ്ഞെടുത്തു..? പിന്നിലെ കാരണം ഇതാണ്..

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം അടുത്തുവരികയാണ്. ഈമാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്.

ജനുവരി 22ന് ഉച്ചയ്ക്ക് 12.29നും 12.30നും ഇടയ്ക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. എന്നാല്‍ പലർക്കും ആ ദിവസം എന്തുകൊണ്ട് രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് തിരഞ്ഞെടുത്തുവെന്ന് അറിയില്ല.

ഹിന്ദു കലണ്ടര്‍ അനുസരിച്ച്‌ ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്ന് രാവിലെ 8.47ന് ശേഷം ഇന്ദ്രയോഗം ആരംഭിക്കും. കൂടാതെ ജനുവരി 22മഹാവിഷ്ണുവിനായി സമര്‍പ്പിക്കപ്പെട്ട ദ്വാദശിയായ കര്‍മദ്വാദശി കൂടിയാണ്. ഹിന്ദു പുരാണം അനുസരിച്ച്‌ ഈ ദിവസമാണ് മഹാവിഷ്ണു കൂര്‍മ രൂപത്തില്‍ അവതരിച്ചത്. രാമൻ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഈ ദിവസം ഉദ്ഘാടനത്തിന് യോജിച്ചതാണെന്നാണ് വിശ്വാസം. കൂടാതെ ഈ ദിവസം ശുഭകരമായ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ കര്‍മത്തിലും വിജയം കെെവരുമെന്നും വിശ്വാസമുണ്ട്.

അതേസമയം, അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ശ്യാമവര്‍ണത്തിലുള്ള രാംലല്ലയെയാണെന്ന് (ബാലനായ രാമൻ) രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയ മൂന്ന് വിഗ്രഹങ്ങളില്‍ കൃഷ്ണശിലയില്‍ കൊത്തിയ വിഗ്രഹമാണ് അന്തിമമായി തീരുമാനിച്ചത്.

പൊക്കം 51 ഇഞ്ച്. അഞ്ച് വയസുകാരന്റെ ഓമനത്തവും മഹാവിഷ്ണുവിന്റെ ദൈവികതയും ഒരു രാജാവിന്റെ അന്തസും വിഗ്രഹത്തിനുണ്ടെന്നും ചമ്ബത് റായി പറഞ്ഞു. പാലും മറ്റ് അഭിഷേക ദ്രവ്യങ്ങളുമായുള്ള സമ്ബര്‍ക്കത്തില്‍ കേടാവാത്ത ശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുള്ളത്. ക്ഷേത്രസമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഗര്‍ഭഗൃഹത്തിലാണ് (ശ്രീകോവില്‍) രാംലല്ലയെ പ്രതിഷ്ഠിക്കുന്നത്. ചിത്രം പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *