May 4, 2024, 2:23 am

കൊച്ചിരാജവംശത്തിന്‍റെ പരദേവതയായിരുന്ന പൂര്‍ണത്രയീശന്റെ കഥ

പൂര്‍ണത്രയീശന് പിന്നിലെ ഐതിഹ്യം….

എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ നഗരമദ്ധ്യത്തിലാണ്‌ പ്രസിദ്ധമായ പൂര്‍ണത്രയീശക്ഷേത്രം. ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായാണ് വേദങ്ങളുടെ ഈശന്‍ എന്ന മഹാവിഷ്ണു സങ്കല്‍പം കുടികൊള്ളുന്നത്. ചതുര്‍ബാഹു വിഗ്രഹത്തില്‍ ഗദഹസ്തവും പീഠത്തിലൂന്നി എഴുന്നേറ്റിരിക്കുന്നതുമായ ഭാവത്തോടു കൂടിയതുമായ നാലടിയോളം വരുന്ന പഞ്ചലോകവിഗ്രഹമാണ് പ്രതിഷ്ഠ. ഇവിടെ ഉപപ്രതിഷ്ഠകള്‍ക്ക്‌ പ്രാധാന്യമില്ല. ശ്രീകോവിലിന്‌ ചുറ്റും അവതാരക്കഥകള്‍ ആലേഖനം ചെയ്തിരിക്കുന്നു. മൂന്നു തട്ടുള്ള കെടാവിളക്കും ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നു. കൊച്ചിരാജവംശത്തിന്‍റെ പരദേവതയായിരുന്നു പൂര്‍ണത്രയീശന്‍. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം തൃപ്പൂണിത്തുറയായിരുന്നു.

ഐതീഹ്യം

വര്‍ഷത്തില്‍ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂര്‍വ്വ ക്ഷേത്രമായ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ദേവാംശത്തിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

ഒരിക്കൽ ബ്രാഹ്മണന് പിറന്ന 9 കുട്ടികളും തൽക്ഷണം മരിക്കുകയുണ്ടായി. ശേഷം ബ്രാഹ്മണന്‍റെ ഭാര്യ വീണ്ടും ഗര്‍ഭം ധരിച്ചു. പിറക്കാന്‍ പോകുന്ന കുഞ്ഞിനെ എങ്കിലും വളര്‍ത്താൻ ആഗ്രഹിച്ച ബ്രാഹ്മണൻ ദ്വാരകയിലെത്തി ഭഗവാന്‍ ശ്രീകൃഷ്ണനെ സന്ദര്‍ശിച്ച് സങ്കടമുണര്‍ത്തിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കാൻ കനിവുണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നു അര്‍ജ്ജുനന്‍ കുട്ടിയെ രക്ഷിക്കാമെന്ന് ഏൽക്കുകയായിരുന്നു.കുഞ്ഞിന്‍റെ സുരക്ഷ ഏറ്റെടുത്ത അര്‍ജ്ജുനൻ പ്രസവ സമയത്ത്‌ ശരകൂടം തീര്‍ത്ത്‌ കാവല്‍ നിന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാൻ പോലും കഴിഞ്ഞില്ല. വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ അതീവ ദഃഖിതനായ അര്‍ജുനന്‍ അഗ്നിയില്‍ ചാടി ജീവൻ ഒടുക്കാൻ ഒരുങ്ങി. എന്നാൽ ഭഗവാൻ കൃഷ്ണൻ, അര്‍ജ്ജുനനെ അതില്‍ നിന്നും പിന്തിരിപ്പിച്ച് പിന്നീട്‌ രണ്ടുപേരും കൂടി കുട്ടിയെ തേടിയിറങ്ങി. ഒടുവില്‍ വൈകുണ്ഠത്തിലെത്തിയപ്പോൾ പത്തുകുട്ടികളും മഹാവിഷ്ണുവിന്‍റെ പക്കല്‍ കളിച്ചു നടക്കുന്നതാണ് കണ്ടത്.ശ്രീകൃഷ്ണനെയും അര്‍ജ്ജുനനേയും ഒരുമിച്ച്‌ കാണുന്നതിനായാണ്‌ ഇങ്ങനെ ചെയ്തതെന്ന്‌ മഹാവിഷ്ണു അറിയിച്ച ശേഷം ബ്രാഹ്മണന്‍റെ പത്തുമക്കളേയും പൂജിക്കാന്‍ ഒരു വിഗ്രഹവും അര്‍ജ്ജുനനെ ഏല്‍പിച്ചു. കുട്ടികളെ ബ്രാഹ്മണന്‌ കൊടുത്ത ശേഷം അര്‍ജ്ജുനൻ വിഗ്രഹം തൃപ്പൂണിത്തുറയില്‍ പ്രതിഷ്ഠിച്ചു. സമീപത്തു നിന്നും പിഴുതെടുത്ത എള്ളു പിഴിഞ്ഞുണ്ടാക്കിയ എണ്ണകൊണ്ട്‌ വിളക്കു തെളിച്ചു.പ്രധാന വഴിപാട്അതിനാലാണ് ഇന്നും ക്ഷേത്രത്തിൽ എള്ളെണ്ണ പ്രധാന വഴിപാടായിരിക്കുന്നത്. ദിവസേന അഞ്ചുപൂജയും ആനയെഴുന്നെള്ളിപ്പും പന്തിരുനാഴി വഴിപാടും ഉണ്ട്‌. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ക്ഷേത്രത്തിൽ ഏറെ പ്രധാനപ്പെട്ട ദിവസം. കുചേലന്‍ തന്‍റെ സതീര്‍ത്ഥ്യന്‌ അവല്‍ നല്‍കിയ ദിവസത്തെ അനുസ്മരിച്ചാണ്‌ ഇത്‌ ചെയ്യുന്നത്‌. വഴിപാട്‌ സമര്‍പ്പണം നടക്കുമ്പോള്‍ ഭക്തരുടെ മനസില്‍ കുചേല ഭാവമാണുണ്ടാകുക.കുംഭമാസത്തിലെ ഉത്രം നാളിലെ അപ്പം വഴിപാടാണ് ക്ഷേത്രത്തിൽ പ്രസിദ്ധം. ഭഗവാന്‍റെ തിരുനാളാഘോഷമായ ഉത്രം നാളിലെ ലക്ഷ്മി നാരായണ വിളക്ക്‌ കണ്ട്‌ തൊഴുന്നതും ശ്രേയസ്കരമാണ്.ഉത്സവങ്ങൾ.നാല്‌ ഉത്സവങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ചിങ്ങത്തിലാണ് ഇതുൽ ആദ്യത്തെ ഉത്സവം നടക്കുന്നത്. എട്ടു ദിവസത്തെ ഉത്സവമാണിത്. തിരുവോണ നാളിൽ ആറാട്ടോടെ സമാപിക്കും. ഇത്‌ മൂശാരി ഉത്സവം എന്നാണ് അറിയപ്പെടുന്നത്.

ഉത്സവത്തിന് പിന്നിലെ ഐതീഹ്യം

പണ്ട്‌ പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച്‌ അയാള്‍ ദൈവത്തെ വിളിച്ചു പറഞ്ഞു. പിന്നെ മൂശാരിയെ ആരും കണ്ടിട്ടില്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്നാണ് വിശ്വാസം. മൂശാരിക്ക്‌ ലഭിച്ച ഭഗവാന്‍റെ അനസഗ്രഹത്തിന്‍റെ സ്മരണയ്ക്കായാണ് ഈ ഉത്സവം ആരംഭിച്ചത്. മൂശാരിയെ സങ്കല്‍പിച്ച്‌ ക്ഷേത്രത്തിൽ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌.

രണ്ടാം ഉത്സവം

തുലാം മാസത്തിലാണ് രണ്ടാം ഉത്സവം നടക്കുന്നത്. ക്ഷേത്രം അഗ്നിക്കിരയാക്കിയതിന്‍റ ഓര്‍മ്മ പുതുക്കലാണ്‌ തുലാംമാസത്തിലെ ഉത്സവം. വിഗ്രഹത്തിന്‌ കേട്‌ കൂടാതെ സൂക്ഷിക്കുകയും തീ അണഞ്ഞപ്പോള്‍ ശ്രീകോവില്‍ പുതുക്കിപ്പണിയുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തിരുന്നു. ഉത്സവത്തിന്‌ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള വഴികളില്‍ കര്‍പ്പൂരക്കൂനകള്‍ കത്തിക്കുന്ന ചടങ്ങും നടന്നു വരുന്നു.

വൃശ്ചികോത്സവം
പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവും പ്രസിദ്ധമാണ്‌. തൃക്കേട്ട പുറപ്പാടായി പതിനഞ്ച്‌ ആനകളേയും എഴുന്നെള്ളിച്ചു നിര്‍ത്തുന്ന വര്‍ണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ ദര്‍ശന പ്രാധാന്യമുള്ളത്. വില്വമംഗലത്ത്‌ സ്വാമിയാര്‍ ഉത്സവത്തിനെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത്‌ ഓടിക്കളിക്കുന്ന രംഗം കണ്ടുവെന്നാണ് കഥ. അന്നു മുതല്‍ക്കാണ്‌ തൃക്കേട്ട പുറപ്പാടിന്‌ പ്രാധാന്യം കൈവന്നത്‌.

Attorna Law Firm

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor
incididunt ut labore et dolore magna aliqua.

Leave a Reply

Your email address will not be published. Required fields are marked *