November 27, 2024, 10:07 pm

നമ്മൾ അറിയാത്ത അപൂർവ്വ ആചാരങ്ങൾ ഉള്ള കേരളത്തിലെ ചില ക്ഷേത്രങ്ങൾ

അപൂര്‍വ്വ ആചാരങ്ങളുളള കേരളത്തിലെ ക്ഷേത്രങ്ങള്‍

ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകളുണ്ട്. ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ തന്നെയാണ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും നമ്മള്‍ അറിഞ്ഞവയാണ്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി അധികമാരും അറിയാത്ത ചില അപൂര്‍വ്വ ആചാരങ്ങളുളള ക്ഷേത്രങ്ങളുണ്ട് കേരളത്തില്‍. പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ ക്ഷേത്രം, തൃക്കാക്കര ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളുടെ ആചാരങ്ങളെ കുറിച്ചറിയാം……

മഹാവിഷ്ണു സരസ്വതി ക്ഷേത്രം……

കോട്ടയം ജില്ലയിലെ പനച്ചിക്കാടാണ് മഹാവിഷ്ണു-സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠയെങ്കിലും സരസ്വതി ക്ഷേത്രമായാണ് ഇവിടം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ സരസ്വതി പ്രതിഷ്ഠ മുഴുവനായും കാണാന്‍ സാധിക്കില്ല. മഹാവിഷ്ണു ക്ഷേത്രത്തിന്റെ തെക്കു വശത്തുളള കുളത്തിന്റെ കരയില്‍ ഒരു കുഴിയില്‍ മുങ്ങിയാണ് ദേവീ പ്രതിഷ്ഠ. മലമുകളില്‍ നിന്ന് ഒലിച്ചുവരുന്ന നീര്‍ച്ചാലില്‍ നിന്നാണ് കുഴിയിലേക്ക് വെള്ളം എത്തുന്നത് അതിനു ചുറ്റിലും വള്ളികള്‍ പടര്‍ന്നു പിടിച്ചതിനാല്‍ പ്രതിഷ്ഠ പൂര്‍ണമായും കാണാന്‍ സാധിക്കുന്നില്ല. പ്രതിഷ്ഠ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വള്ളികള്‍ മറ്റൊരിടത്തും കാണാത്ത സരസ്വതി ലതയാണ് എന്നതാണ് വിശ്വാസം. ദേവി പ്രതിഷ്ഠ വടക്കുവശത്തായതിനാല്‍ ദക്ഷിണ മൂകാംബിക എന്നും പറയുന്നു. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാരംഭം കുറിക്കാം. എല്ലാ ദിവസവും വിദ്യാരംഭം കുറിക്കുന്ന ഏക ക്ഷേത്രം കൂടിയാണ് ഇവിടം.

തൃക്കാക്കര ക്ഷേത്രം……

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം. കേരളത്തിലെ ഏക വാമന ക്ഷേത്രമാണിത്. മൂന്നടി മണ്ണ് ദാനമായി നല്‍കിയ ശേഷം മഹാബലിയെ അനുഗ്രഹിക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഓണമാണ്. പണ്ടുകാലങ്ങളില്‍ കേരളത്തിലെ പ്രധാന രാജാക്കന്മാര്‍ പത്തുനാള്‍ ഉത്സവം കൊണ്ടാടാനായി ഇവിടെ എത്തിയിരുന്നു എന്നതാണ് വിശ്വാസം.

ഓച്ചിറ പരബ്രഹ്മക്ഷേത്രം……

കൊല്ലം ജില്ലയിലെ കായംകുളത്താണ് ഓച്ചിറ ക്ഷേത്രം. ചിത്രപ്പണികളുള്ള ശ്രീകോവിലുകളോ ആരാധനാമൂര്‍ത്തിയോ ആരാധനയോ ഒന്നും തന്നെ ഇവിടെ കാണാന്‍ സാധിക്കില്ല. തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ ക്ഷേത്രം ദക്ഷിണകാശി എന്നും അറിയപ്പെടുന്നു. ലോകത്തെ പരമാത്മവായി കാണുന്ന ഓംകാരമൂര്‍ത്തിയാണ് ഇവിടുത്തെ ആരാധനാ സങ്കല്പം. കിഴക്കേ ഗോപുരം മുതല്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്ര പരിസരത്ത് കാവുകളും രണ്ട് ആല്‍ത്തറയുമാണുള്ളത്. ആല്‍ത്തറയിലാണ് പരബ്രഹ്മം കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. വേലുത്തമ്പി ദളവയാണ് ആല്‍ത്തറ പണികഴിപ്പിച്ചത്. വൃശ്ചിക മാസത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ നടത്തുന്ന പന്ത്രണ്ട് വിളക്കാണ് ഇവിടുത്തെ പ്രസിദ്ധമായ ഉത്സവം. ദരിദ്രര്‍ക്കും രോഗികള്‍ക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങള്‍ മാറുവാന്‍ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേര്‍ച്ചകളാണ്. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാല്‍ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

കാര്‍ത്ത്യായനി ക്ഷേത്രം……

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് കാര്‍ത്ത്യായനി ക്ഷേത്രം. പ്രധാന വഴിപാടായ കോഴിയെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭക്തര്‍ പറപ്പിച്ച ധാരാളം കോഴികളെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കാണാം. തടിവഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്. മാറാരോഗങ്ങളും വ്യാധികളും മാറാനാണ് ഇത് കഴിപ്പിക്കുന്നത്. ശേഷം പ്രസാദമായ ദ്രവ്യം കഴിക്കുകയും ചെയ്യുന്നു അതോടെ അസുഖം മാറുമെന്നാണ് വിശ്വാസം. ശാന്ത സുന്ദരിയായ കാര്‍ത്ത്യായനി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഉത്സവം തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്സവത്തിന് കൊടി കയറുക എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ പൂരാഘോഷ വും പടയണിയും ക്ഷേത്രത്തിലെ മറ്റു സവിശേഷതയാണ്

Leave a Reply

Your email address will not be published. Required fields are marked *

You may have missed