November 27, 2024, 8:11 pm

ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രം

ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം

ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ശിവരാത്രിക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തിച്ചേരുന്ന ഇവിടം ശൈവതീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട തീര്‍ത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ്. വൈക്കം ക്ഷേത്രം എങ്ങനെ സ്ഥാപിതമായി എന്നതിനെക്കുറിച്ചും വൈക്കത്തിന് ഈ പേര് വന്നതിനെക്കുറിച്ചും നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അതിലൊന്ന് ശിവന്‍റെ കോപത്തിന് കാരണമായ ബ്രഹ്മാവിനെക്കുറിച്ചാണ്. ഒരിക്കൽ ശിവൻ ബ്രഹ്മാവിന്‍റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. തന്നോട് കള്ളം പറഞ്ഞു എന്ന കുറ്റത്തിന് ആയിരുന്നു ഇത്. വെട്ടിക്കഴിഞ്ഞപ്പോൾ മാത്രമാണ് ശിവന് തന്റെ തെറ്റു മനസ്സിലായത്.. തുടർന്ന് ബ്രഹ്മഹത്യ നടത്തിയെന്ന പാപഭാരം ഒഴിവാക്കുവാൻ അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു.
ഒരിക്കലും അതില്‍ നിറയെ ഭിക്ഷ അവര്‍ക്ക് ലഭിച്ചിരുന്നല്ല, ലഭിച്ച ദിവസങ്ങളിലാവട്ടെ, ശിവന്‍ അത് മുഴുവന്‍ ഭസ്മമാക്കി തീര്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ വർഷങ്ങൾ അവരിരുവരും ഈ തലയോട്ടിയുമായി ഭിക്ഷ യാചിച്ചു നടന്നു. ഒടുവിൽ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ശിവൻ നിറഞ്ഞ തലയോട്ടി നോക്കി അത് ഇവിടെ വയ്ക്കാം എന്നു പറഞ്ഞു. ആ ‘വയ്ക്കാം’ എന്ന വാക്കിൽ നിന്നുമാണ് വൈക്കം എന്ന വാക്കുണ്ടായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരിക്കൽ ഖരൻ എന്ന അസുരൻ ശിവനിൽ നിന്നും ലഭിച്ച മൂന്ന് ശിവലിംഗങ്ങളുമായി ഒരു യാത്ര പോയി. യാത്രയിൽ ക്ഷീണം കാരണം വഴിയിൽ അദ്ദേഹം വിശ്രമിക്കുവാനിറങ്ങുകയും വലതു കയ്യിലെ ശിവലിംഗം താഴെ വയ്ക്കുകയും ചെയ്തു. ഉറക്കം കഴിഞ്ഞ് എണീറ്റ് ശിവലിംഗം എടുക്കുവാൻ നോക്കിയപ്പോൾ അത് മണ്ണിൽ ഉറച്ചിരിക്കുന്നതാണ് അദ്ദേഹം കണ്ടത്.
അതേസമയം തന്നെ ശിവന്‍ തനിക്ക് ഇരിക്കുവാൻ ഏറ്റവും യോജിച്ച ഇടം അതാണെന്ന് അശരീരിയിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ ആ വിഗ്രഹം അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ മഹർഷിയെ ഏല്പിച്ച് അസുരന്‍ തന്റെ യാത്ര തുടര്‍ന്നു പിന്നീട് ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം പറയുന്നു. വ്യാഘ്രപാദൻ മഹർഷി ആ ശിവലിംഗത്തോട് പ്രാർഥിക്കുകയും ഒടുവിൽ ശിവൻ പ്രത്യക്ഷനാവുകയും ചെയ്തു. പിന്നീടൊരിക്കൽ ഇവിടെടെത്തിയ പരശുരാമൻ പ്രദേശത്തിന്‍റെ ചെതന്യത്തിൽ ആകൃഷ്ടനായി ദേവശില്പിയായ വിശ്വകർമ്മാവിനെകൊണ്ട് നിർമ്മിച്ച ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രമെന്നാണ് വിശ്വാസം.

വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ തിരുവൈക്കത്തപ്പൻ ആണ്. അതായത് ശിവൻ .സദാശിവസങ്കൽപ്പത്തിലുള്ളതാണ് പ്രതിഷ്ഠ.ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു .അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു-രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയും സുബ്രഹ്മണ്യനെയും മടിയിൽ ഇരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും.രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും ,ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രൂനാശവും ,വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം…

Leave a Reply

Your email address will not be published. Required fields are marked *

You may have missed