November 27, 2024, 9:21 pm

അയ്യന്റെ വളർത്തു പിതാവിന്റെ ആഗ്രഹ സഫലീകരണം! ശബരിമല തിരുവാഭരണ ഘോഷയാത്ര

ശബരിമല തീർത്ഥാടന കാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. മകരവിളക്ക് ദിവസത്തിൽ പൂജാ സമയത്ത് അയ്യപ്പനു ചാർത്താനുള്ള ആഭരണങ്ങൾ പന്തളത്തു നിന്നും ശബരിമലയിലേക്ക് കൊടുത്തയക്കുന്ന ചടങ്ങാണ് ആഘോഷപൂര്‍ണ്ണമായ ഘോഷയാത്രയായി ഓരോ വർഷവും നടത്തുന്നത്. ന്തളം കൊട്ടാരത്തിൽ നിന്നും മൂന്ന് വലിയ പെട്ടികളിലായി കൊണ്ടു പോകുന്ന അയ്യപ്പന്റെ ആടയാഭരണങ്ങൾ വഴിനീളെ പ്രാർഥനകളേറ്റു വാങ്ങി അയ്യപ്പ സന്നിധിയിൽ എത്തിക്കുന്ന ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുണ്ട്.

അയ്യപ്പന് മകരവിളക്കിന് ചാർത്താനുള്ള തിരുവാഭരണങ്ങള്‍ വളര്‍ത്തുപിതാവായ പന്തളം മഹാരാജാവ് കൊടുത്തയക്കുന്നു എന്നതാണ് ഇതിനു പിന്നിലെ കഥ. അയ്യപ്പനെ യുവരാജാവായി അഭിഷേകം ചെയ്തതു കാണുവാൻ പന്തളം രാജാവിന് കഴിഞ്ഞിരുന്നില്ല. അതിനു പകരമായി രാജകീയ വേഷത്തിൽ അയ്യപ്പനെ വർഷത്തിലൊരിക്കലെങ്കിലും കാണുവാൻ അനുവദിക്കണം എന്ന് രാജാവ് അയ്യപ്പനോട് പ്രാർഥിക്കുകയുണ്ടായി. അതിനായാണ് പന്തളം രാജാവ് ഈ ആഭരണങ്ങൾ പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം. പന്തളത്ത് രാജാവിന് അയ്യപ്പന്റെ പിതാവിന്‌‍റെ സ്ഥാനമാണ് ഉള്ളത്. അതിനാൽ അദ്ദേഹം ശബരിമലയ്ക്ക് വന്നാൽ അയ്യപ്പൻ എഴുന്നേറ്റ് നിന്ന് രാജാവിനെ വണങ്ങേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പകരക്കാരനായി രാജപ്രതിനിധിയെയാണ് തിരുവാഭരണ ഘോഷയാത്രക്ക് എല്ലാ വർഷവും അയക്കുക.

തിരുവാഭരണ ഘോഷയാത്ര വിശ്വാസികളുടെയും നാടിന്‍റെയും കാത്തിരിപ്പും പ്രതീക്ഷയുമാണ്. സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ആഭരണങ്ങൾ ഓരോ വർഷവും നാടും നാട്ടുകാരും അറിഞ്ഞ് പല്ലക്കിലേറി ശബരീശ സന്നിധിയിലേക്ക് യാത്രയാകും. മൂന്ന് വലിയ പേടകങ്ങളിലായി തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ തുടങ്ങിയവയാണ് അയ്യന്റെ നടയിൽ എത്തിക്കുക.

ഈ വര്‍ഷത്തെ തിരുവാഭരണ ഘോഷയാത്രയ്ക്ക് ജനുവരി 13 ശനിയാഴ്ച പന്തളത്തു നിന്നാരംഭിക്കും. ജനുവരി 15 തിങ്കളാഴ്ച നടക്കുന്ന മകരവിളക്ക് ആഘോഷങ്ങൾക്ക് മുന്നോടിയായായി തിരുവാഭരണ ഘോഷയാത്ര ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മുന്നേറുന്ന ഘോഷയാത്ര മൂന്നു ദിവസം സമയമെടുത്ത് 83 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ശബരിമല ക്ഷേത്ര സന്നിധിയിൽ എത്തുന്നത് .

മൂന്നാം ദിനം വൈകിട്ടോടുകൂടി ശബരീപീഠത്തിലെത്തുന്ന തിരുവാഭരണയാത്രയെ തുടർന്ന് ശരംകുത്തിയിൽ നിന്നും ആഭരണങ്ങൾ സ്വീകരിച്ച് സന്നിധാനത്തേയ്ക്ക് കൊണ്ടുപോകും. വൈകിട്ട് പൂജയുട സമത്ത് തിരുവാഭരണം അയ്യപ്പന് ചാർത്തി ദീപാരാധനയും, തുടർന്ന് മകര ജ്യോതിയും കാണുന്നതാണ് ചടങ്ങ്. പിന്നീട് മൂന്ന് ദിവസങ്ങൾക്കു ശേഷം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും. യരണം വിളികൾ അലയടിക്കുന്ന തിരുവാഭരണ ഘോഷയാത്ര ഓരോ ഭക്തജനത്തിനും അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്.

You may have missed