May 14, 2024, 2:54 pm

ശിവക്ഷേത്രങ്ങളിൽ പൂർണ പ്രദക്ഷിണം ചെയ്യാറില്ല! അതിന്റെ കാരണം അറിയാമോ?

ക്ഷേത്രങ്ങളിൽ പ്രദക്ഷിണം ചെയ്യുക എന്നത് ഹൈന്ദവ സംസ്കാരവും വിശ്വാസവും ആണ്. എന്നാല്‍ ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലാണ് പ്രദക്ഷിണം നടത്തേണ്ടത്. ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങളും പ്രതിഷ്ഠയുടെ സ്വഭാവവും നോക്കിയാണ് പ്രാര്‍ത്ഥിക്കേണ്ടതും പ്രദക്ഷിണം വെക്കേണ്ടതും. ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഭഗവാന് ഒരിക്കലും പൂര്‍ണ പ്രദക്ഷിണം നടത്താന്‍ പാടില്ല എന്നാണ് വിശ്വാസം.

പ്രദക്ഷിണം ചെയ്യുമ്പോള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മൂലമന്ത്രം ജപിച്ച് വേണം പ്രദക്ഷിണം ചെയ്യുവാൻ. ശിവന്റെ മൂലമന്ത്രമായ ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ച് കൊണ്ടാണ് ശിവക്ഷേത്രങ്ങളിൽ പ്രദക്ഷിണം വെക്കേണ്ടത്. പ്രദക്ഷിണം എന്ന വാക്കിന്റെ ഓരോ അക്ഷരത്തിനും ഓരോ അർഥങ്ങൾ ഉണ്ട്. പ്ര -സര്‍വ്വഭയം നാശം, ദ – മോക്ഷദായകം, ക്ഷി – രോഗനാശകം, ണം – ഐശ്വര്യപ്രദം എന്നുമാണ് സൂചിപ്പിക്കുന്നത്. ശിവക്ഷേത്രത്തില്‍ എന്തുകൊണ്ടാണ് പൂര്‍ണ പ്രദക്ഷിണം നടത്തുവാൻ പാടില്ല എന്ന് പറയുന്നത്.

പൂര്‍ണതയുടെ ദേവനാണ് ശിവന്‍. പൂര്‍ണ്ണദേവനെ ആരാധിക്കുന്ന ഭക്തരും പൂര്‍ണ്ണത കൈവരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയ ശിവനെ പൂര്‍ണ പ്രദക്ഷിണം വെക്കുന്നതിലൂടെ ശിവന്റെ ശക്തികളെ പരിമിതമായി കാണിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദക്ഷിണം പാടില്ല എന്ന് പറയുന്നത്. ശിവക്ഷേത്രദര്‍ശനം നടത്തി പ്രദക്ഷിണം വെക്കുന്നവർ മനസ്സില്‍ സൂക്ഷിക്കേണ്ട സുപ്രധാന കാര്യമാണ് ഇത്.

പൂര്‍ണ പ്രദക്ഷിണം നടത്തുവാൻ പാടില്ല എന്നതിന് മറ്റൊരു കാരണം കൂടി പറയപ്പെടുന്നു. ഗംഗാദേവിയും ശിവനും തമ്മില്‍ ഉള്ള ബന്ധം പുരാണങ്ങളില്‍ വളരെയധികം വർണിച്ചിട്ടുള്ളതാണ്. ശിവഭഗവാന്റെ ശിരസ്സില്‍ നിന്നുമാണ് ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം നടത്തുന്നത് ദോഷമാണ് എന്നൊരു വിശ്വാസവും ഉണ്ട്. ഗംഗയുടെ ഒഴുക്കിന് തടസ്സം നില്‍ക്കുന്നത് ക്ഷേത്രപ്രദര്‍ശനത്തിന്റെ പുണ്യത്തെ ഇല്ലാതാക്കുന്നു എന്ന് വിശ്വാസിക്കപ്പെടുന്നു.

ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഏത് വശത്തേക്കാണ് പ്രദക്ഷിണം വെക്കേണ്ടത് എന്നും ഏത് വശത്തേക്കാണ് പ്രദക്ഷിണം അവസാനിപ്പിക്കേണ്ടത് എന്നുമുള്ളത്. പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്നുള്ള കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് വലതു വെക്കുക എന്ന് പണ്ടുള്ളവര്‍ പറയുന്നതും. ചന്ദ്രക്കലയുടെ ആകൃതിയില്‍ ആയിരിക്കണം എപ്പോഴും ശിവക്ഷേത്രത്തിലെ പ്രദക്ഷിണം.ഇത്തരം കാര്യങ്ങള്‍ പ്രദക്ഷിണ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നതിലൂടെ അത് പാപത്തെ ഇല്ലാതാക്കും എന്നതാണ് വിശ്വാസം. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകൈക നാഥനായ മഹാദേവന് മുകളില്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്.

കേരളത്തിൽ 108 ഓളം മഹാ ശിവ ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വടക്കുംനാഥൻ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഗുരുവായൂരിലെ മമ്മിയൂർ മഹാദേവ ക്ഷേത്രം, തിരുവൈരാണികുളം മഹാദേവ ക്ഷേത്രം
തുടങ്ങിയ ക്ഷേത്രങ്ങൾ കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ്.