വെറ്റിലയുടെ ഗുണങ്ങളും ഐതിഹ്യവും
മംഗളകർമങ്ങളിൽ ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളിൽ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളിൽ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്ന് പറയപ്പെടുന്നു. വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാർവതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. ചുരുക്കത്തിൽ ത്രിമൂർത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ് വെറ്റില.
പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. പാക്ക് വെറ്റിലയുടെ അകത്ത് വച്ച് വേണം ദക്ഷിണ സമർപ്പിക്കാൻ.താബൂല പ്രശ്നത്തിൽ വെറ്റിലയുടെ സംഖ്യ തൽക്കാലത്തെ ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ചാണ് ഫലങ്ങൾ പറയുന്നത്. ഒപ്പം വെറ്റിലയുടെ ലക്ഷണങ്ങളും നിമിത്തമായി എടുക്കുന്നു. 12 രാശിയുടെ ഫലങ്ങളും 12 വെറ്റിലയിലൂടെ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. 12ലധികം വെറ്റിലയാണ് താബൂല പ്രശ്നത്തിന് വയ്ക്കേണ്ടത്. സാധാരണയായി വെറ്റിലയോടൊപ്പം പാക്ക്, ധാന്യങ്ങൾ, പുഷ്പം, നാളികേരം ,ദക്ഷിണ എന്നിവ കൂടി നൽകണം ഇതിനെയെല്ലാം കൂടി കണക്കാക്കിയാണ് ഫലങ്ങൾ പറയുക. ശിവപാർവ്വതിമാർ കൈലാസത്തിൽ മുളപ്പിച്ചെടുത്ത ഒരു സസ്യമാണ് വെറ്റില എന്നാണ് വെറ്റിലയുടെ ഐതിഹ്യം. വെറ്റില പതിവായി കഴിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ശ്രീലളിതാസഹസ്രനാമത്തിൽ ദേവിയെ താംബൂലപൂരിതമുഖി എന്നു വിശേഷിപ്പിക്കുന്നു. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകൾ വെറ്റിലയ്ക്കുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായ വെറ്റില വീട്ടിൽ നട്ടുപരിപാലിക്കുന്നതും ഉത്തമമാണ്. പ്രത്യേകിച്ചും ഭവനത്തിന്റെ തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയിൽ . വെറ്റില ചെടിയുടെ പരിസരം ശുദ്ധിയായി സൂക്ഷിക്കണം. സകലദേവതാ സാന്നിധ്യം നിറഞ്ഞ വെറ്റില നട്ടു പരിപാലിക്കുന്നതിലൂടെ ഭവനത്തിൽ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം. എല്ലാ മാസത്തിലെയും പൗർണമി ദിനത്തിൽ പ്രധാനവാതിലിനു മുകളിൽ വെറ്റിലകൾ ചേർത്ത് മാലയാക്കി തോരണമിടുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഉത്തമമത്രേ.
ഹനുമാൻസ്വാമിക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് വെറ്റിലമാലകൾ. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ശനിയാഴ്ച തോറും ഹനൂമാൻ ക്ഷേത്രത്തിൽ വെറ്റിലകൾ സമർപ്പിക്കുന്നത് ഉത്തമമാണ്. ഹനുമാന് വെറ്റിലമാല സമർപ്പിച്ച് പ്രാർഥിക്കുന്നത് ശനിദോഷശാന്തിക്കും ആഗ്രഹസാഫല്യത്തിനും തൊഴിൽക്ലേശപരിഹാരത്തിനും ഉത്തമമാണ്. കൂടാതെ കയ്പേറിയ രുചിയുള്ള ഈ ഇലകൾ ശരീരത്തിന് ഉള്ളിൽ നിന്ന് ഊഷ്മളത പകരാൻ സഹായകമാണെന്ന് പറയപ്പെടുന്നു. അതുമാത്രമല്ല വെറ്റിലകൾക്ക് ക്ഷാര ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെയും കുടലിലെയും അസന്തുലിതാവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കുകയും വിഷാംശം ഉണ്ടെങ്കിൽ അത് നിർവീര്യമാക്കി ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. ശരീരത്തിൻ്റെ ആന്തരിക ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശേഷിയുള്ളതുകൊണ്ടാണ് പണ്ടത്തെ ആളുകൾ ഭക്ഷണം കഴിച്ചശേഷം ഒരു വെറ്റില ചവയ്ക്കാൻ താൽപര്യപ്പെടുന്നത് എന്നും പറയപ്പെടുന്നുണ്ട്.