ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം

ആലപ്പുഴ ജില്ലയിലെ രണ്ട് പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്നു. മുട്ടാർ, അമ്പലപ്പുഴ വടക്കൻ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സംശയിക്കുന്നത്. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചു.
നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. 17,480 താറാവുകളെ കൊന്നു മറച്ചു. 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ താറാവ്, കോഴി ഇറച്ചി, മുട്ട എന്നിവയുടെ വിൽപന നിരോധനം ഏപ്രിൽ 26 വരെ തുടരും.
തമിഴ്‌നാട്ടിൽ പക്ഷിപ്പനി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കേരളത്തിൽ നിന്ന് നാടൻ പക്ഷികളും മുട്ടകളുമായി വരുന്ന വാഹനങ്ങൾ തിരിച്ചയക്കും. 12 ചെക്ക്‌പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.