November 27, 2024, 5:15 pm

കാളിയുടെ ഐതീഹ്യം അറിയുമോ?

ഭാരതീയ ഹൈന്ദവ സംസ്കാരത്തിൽ വളരെ പ്രാധാന്യത്തോടെ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം നല്‍കി പ്രപഞ്ചത്തെ പരിപാലിക്കുന്ന ഭദ്രകാളി ഉപാസന ദേവിയുടെ രൗദ്രഭാവമാണ്. ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണില്‍ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചപ്പോള്‍ ജന്മമെടുത്തതാണ് ഭദ്രകാളിയെന്ന വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്.

ദാരികൻ എന്ന അസുര ചക്രവർത്തി ബ്രഹ്മാവിന്റെ കടുത്ത ഭക്തനായിരുന്നുവെന്ന് പറയപ്പെടുന്നു. മാതാവായ ദാരുമതിയുടെ ഉപദേശപ്രകാരം ബ്രഹ്മാവിനെ തപസ് ചെയ്ത് ദാരികൻ, ഒരു സ്ത്രീക്ക് മാത്രമേ തന്നെ വധിക്കാൻ കഴിയൂ എന്ന വരം നേടുന്നു. ഈ അനുഗ്രഹത്താൽ, തന്നെ ആർക്കും കൊല്ലാൻ കഴിയില്ലെന്ന് ചിന്തിച്ച് ദാരികൻ ഭൂമിയിലും ആകാശത്തിലും നാശം വിതയ്ക്കുന്നു. സർവ്വ ലോകങ്ങളും ദാരികന്റെ ആധിപത്യത്തിൽ വരുന്നു. കോപിഷ്ടനായ, ശിവൻ തന്റെ മൂന്നാം കണ്ണ് തുറക്കുകയും, തൃക്കണ്ണിലെ അഗ്നിയിൽ നിന്ന്, ലോകമാതാവായ ദേവി ആദിപരാശക്തി ഭയങ്കരമായ ശ്രീ ഭദ്രകാളി രൂപത്തിൽ സർവായുധധാരിയായി പ്രത്യക്ഷപ്പെടുന്നു. ദാരികനെ വധിച്ചു ലോകത്തിന് മംഗളം ചെയ്യുവാൻ ശിവൻ ഭദ്രകാളിയോട് ആവശ്യപ്പെടുന്നു.

ദാരികാപുരി ഇടിച്ചു തകർത്തുതരിപ്പണമാക്കിയ കാളി അങ്കക്കലി അടങ്ങാതെ ദാരിക ശിരസ്സും കയ്യിലേന്തി കൈലാസത്തിലേക്ക് യാത്ര തിരിച്ചു. കാളിയുടെ ദാരികനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന നിരവധി അനുഷ്ഠാന കലകൾ കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇതിന് പുറമെ മധുകൈടഭന്മാരെ വധിക്കാനായി അവതരിച്ചതാണ് ഭദ്രകാളി എന്നൊരു വിശ്വാസമുണ്ട്. മധുകൈടഭന്മാരെന്ന രണ്ട് അസുരന്മാരുമായുള്ള യുദ്ധത്തിൽ ഭഗവാൻ വിഷ്ണു തളരുകയും ആ സമയത്ത് ഭദ്രകാളി അവതരിച്ചുവെന്നുമൊരു വിശ്വാസമുണ്ട്.

ഉത്തരേന്ത്യൻ സ്ഥലങ്ങളില്‍ കാളിയെ കരാളരൂപിണിയായിട്ടാണ് സങ്കല്‍പിക്കുന്നത്. തിന്മയെ നന്മകൊണ്ട് വിജയിക്കുന്നു എന്ന സങ്കൽപ്പമാണ് ഭദ്രകാളീക്ക് ഉള്ളത്. ഉഗ്രരൂപിണിയായിട്ടാണ് ഭദ്രകാളിയെ ഭക്തര്‍ കരുതുന്നതും ആരാധിക്കുന്നതും. ഭദ്രകാളിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ദേവീക്ഷേത്രദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യങ്ങള്‍ നേടാന്‍ കാരണമാകും. ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതായി ജീവിതം ഭദ്രമാകും.

ദേവിക്ക് അതീവ പ്രാധാന്യം ഉള്ള ഈ ദിനത്തിൽ അതായത് ഭദ്രകാളി ജയന്തി ദിനത്തിലും മറ്റും ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്‌ഠിക്കുന്നത് അത്യുത്തമമാണ്. വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നെയ്വിളക്ക് കൊളുത്തി അതിനു മുന്നിൽ ഇരുന്നു ലളിതാസഹസ്രനാമം ജപിക്കുന്നതും ദേവി പ്രീതി നേടിത്തരും. തെളിഞ്ഞ മനസ്സോടെയുള്ള ഭക്‌തൻ്റെ പ്രാർഥന ദേവി ഒരിക്കലും കേൾക്കാതിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ ഒരു അമ്മക്ക് കുഞ്ഞുങ്ങളോടുള്ള കരുതലെന്ന പോലെ ദേവി ഭക്തനെ കാത്തുപരിപാലിക്കും. ഭദ്രകാളി ജയന്തി ദിനത്തിൽ സന്ധ്യക്ക് വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാൽ കുടുംബൈശ്വര്യം വർധിക്കും എന്നാണ് വിശ്വാസം .

You may have missed