എന്താണ് നാലമ്പല ദര്‍ശനം; എവിടെയൊക്കെയാണ് നാലമ്പലങ്ങള്‍
നാലമ്പല ദര്‍ശനം വ്രതമെടുക്കേണ്ടതെങ്ങനെ
കര്‍ക്കടകത്തിന്റെ പുണ്യനാളുകളില്‍ ദശരഥ പുത്രന്മാരായ ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പല ദര്‍ശനത്തിലൂടെ കര്‍ക്കടക മാസത്തിലെ ദുരിതത്തില്‍ നിന്നും രോഗപീഡകളില്‍ നിന്നും രക്ഷ നേടനാവും എന്നാണ് കരുതുന്നത്. രാമായണ്ം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണ് നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്.
തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലാണ് നാലമ്പല ദര്‍ശനത്തിന് സൗകര്യമുള്ളത്.
തൃശൂര്‍
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് തൃശൂര്‍ നാലമ്പല യാത്രയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍.
കോട്ടയം
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍.
എറണാകുളം
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളത്തെ നാലമ്പലങ്ങള്‍.
മലപ്പുറം
രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവ്വണയില്‍ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം- എന്നിവയാണ് മലപ്പുറത്തെ നാലമ്പല ക്ഷേത്രങ്ങള്‍.
ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ ക്രമത്തില്‍ ഒരേ ദിവസം തന്നെ വേണം ദര്‍ശനം നടത്തേണ്ടത്. ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്ന വിധത്തില്‍ ദര്‍ശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി നാലമ്പല ദര്‍ശനത്തിനായി പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ അതിരാവിലെ മൂന്ന് മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ബോര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ നാലമ്പല തീര്‍ത്ഥാടനത്തിന് വേണ്ടി മുന്‍ കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ല തിരിച്ചുള്ള ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്