November 27, 2024, 9:12 pm

ഒന്നാം ഏകദിനത്തിൽ ദയനീയ തോൽവിക്ക് പകരംവീട്ടി വെസ്റ്റിൻഡീസ്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിൻഡീസിന് 6 വിക്കറ്റിന്റെ ജയം


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ വിൻഡീസ് 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (182/4). ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 1-1ന് ഇന്ത്യയ്‌ക്കൊപ്പമെത്താനും വിൻഡീസിനായി.
പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറിയുമായി വിൻഡീസിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റൻ ഷായ് ഹോപ്പാണ് കളിയിലെ താരം. കേസി കാര്‍ട്ടിയും വിൻഡീസ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും ഇല്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്.

വെസ്റ്റിൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഇഷാൻ കിഷന്‍റെ ബാറ്റിങ് (Photo: twitter.com/BCCI)

രോഹിതിന്റെ അഭാവത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ . മലയാളി താരം സഞ്ജു സാംസണും അക്ഷ‌ര്‍ പട്ടേലുമായിരുന്നു പകരക്കാര്‍. എന്നാല്‍ ബാറ്റിംഗിനിറങ്ങിയ ഇരുവരും നിരാശപ്പെടുത്തി. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ ബാറ്റർമാരുടെ വെടിക്കെട്ട് ഇന്നിങ്സുകളാണ് ആരാധകർ പ്രതീക്ഷിച്ചത്. ഇഷൻ കിഷനും (55) ശുഭ്മൻ ഗില്ലും (34) നന്നായി തുടങ്ങിയതോടെ സ്കോർ 300 കടക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടി. എന്നാൽ ശക്തമായി തിരിച്ചടിച്ച വിൻഡീസ് 8 ഓവറിനിടെ 5 വിക്കറ്റുകൾ നേടി ഇന്ത്യയെ ഞെട്ടിച്ചു. ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മികച്ചുനിന്ന വിൻഡീസ് ഇന്ത്യൻ മധ്യനിരയെ വരിഞ്ഞുകെട്ടി. സൂര്യകുമാർ യാദവും (24) ഷാർദൂൽ ഠാക്കൂറും (16) നടത്തിയ ചെറുത്തുനിൽപാണ് സ്കോർ 150 കടക്കാൻ ഇന്ത്യയെ സഹായിച്ചത്. ഇടയ്ക്കിടെ പെയ്ത മഴയും മത്സരത്തിൽ രസംകൊല്ലിയായി.
വിരാട് കോലിയുടെ അഭാവത്തിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി.

സഞ്ജു സാംസണെ പുറത്താക്കിയ യാനിക് കാരിയയുടെ ആഹ്ലാദം.

എന്നാൽ നിലയുറപ്പിക്കും മുൻപേ സഞ്ജുവിനെ (19 പന്തിൽ 9) ബ്രണ്ടൻ കിങ്ങിന്റെ കൈകളിൽ എത്തിച്ച സ്പിന്നർ യാനിക് കാരിയ വിൻഡീസിന് മേൽക്കൈ നൽകി .ടീം ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, കു‌ൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റിൻഡീസ്: കൈൽ മയേഴ്സ്, ബ്രണ്ടൻ കിംഗ്, അലിക് അതനാസ്, ഷായ് ഹോപ്, ഷിംറോൺ ഹെറ്റ്മയർ, കീസി കാർടി, റൊമാരിയോ ഷെപേർഡ്, യാനിക് കരിയ, അൽസാരി ജോസഫ്, ഗുദാകേശ് മോത്തി, ജയ്ഡൻ സീൽസ്.
ആദ്യ മത്സരത്തിൽ 5 വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. കുൽദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും ബോളിങ് മികവിലാണ് ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയത്.

You may have missed