November 27, 2024, 8:15 pm

കോണ്‍ഗ്രസിന് ആശ്വാസം; മരവിപ്പിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ കോണ്‍ഗ്രസിന് അനുമതി നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്.കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതായി പാർട്ടി ട്രഷറര്‍ അജയ് മാക്കനാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും, യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടും മരവിപ്പിച്ചതായും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് മരവിപ്പിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പാര്‍ട്ടിക്ക് നേരെയുണ്ടായ പ്രതികാര നടപടിയാണിത്. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും അജയ് മാക്കന്‍ പറഞ്ഞു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടായി. 210 കോടി രൂപയാണ് കോണ്‍ഗ്രസിനോട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട് മെന്റ് ആവശ്യപ്പെട്ടത്.ഒറ്റ പാന്‍ നമ്പറിലുള്ള നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളതെന്ന് അജയ് മാക്കന്‍ പറഞ്ഞു. ബില്ലുകളും ചെക്കുകളും മാറാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിക്കുന്ന തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇതാദ്യമായിട്ടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed