November 27, 2024, 9:21 pm

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ; മന്ത്രി ആർ ബിന്ദുവും വി സിയും തമ്മിൽ വാക്കേറ്റം

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തർക്കമുണ്ടായി. സെർച്ച്‌ കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച്‌ നൽകണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേർന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേർന്നത്.


‘വിസിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് കമ്മിറ്റി യോഗത്തിലേക്ക് നോമിനിയെ തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ നിലവിലെ വിസിയാണ് യോഗം വിളിച്ചത്. ഇതനുസരിച്ച്‌ ഞങ്ങൾ യോഗത്തിൽ പങ്കെടുത്ത് നോമിനേഷൻ നൽകിയെങ്കിലും ഒരു വിഭാഗം സെനറ്റ് അംഗങ്ങൾ ഇതിനെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള യോഗങ്ങളിൽ പ്രമേയം അവതരിപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ, ഇവിടെ അവതരിപ്പിക്കാത്ത പ്രമേയം അവതരിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രി അത് പാസാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളുടെ സീറ്റിൽ മൈക്ക് പോലും നിഷേധിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സ‌ർവകലാശാലയുടെ യശസ് തകർക്കാനും ഭരണം സ്തംഭിക്കാനുമുള്ള സാഹചര്യം ഉണ്ടാകരുത്. സർവകലാശാലയുടെ വിദ്യാഭ്യാസ താൽപ്പര്യങ്ങൾക്കെതിരായിട്ടുള്ള നിലപാടാണ് സർക്കാരും ഗവർണറും സ്വീകരിക്കുന്നത്.’- എം വിൻസന്റ് എംഎൽഎ പറഞ്ഞു.


‘സെനറ്റിന്റെ ഭൂരിപക്ഷ വികാരമാണ് പ്രമേയമായി അവതരിപ്പിക്കാൻ തീരുമാനിച്ചത്. നിയമവിരുദ്ധമായി യോഗം ചേരാൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ തീരുമാനമുണ്ട്. യുജിസി റെഗുലേഷൻ 2018 അനുസരിച്ച്‌, വിസിയെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ യുജിയിസുടെ ഒരു പ്രതിനിധി മാത്രമേ ആവശ്യമുള്ളു. ഇതനുസരിച്ച്‌ സെനറ്റിന്റെ പ്രതിനിധിയെ ആവശ്യമില്ല. പിന്നെയെന്തുകൊണ്ടാണ് ചാൻസലർ ഈ യോഗം വിളിച്ചത്. ഇനി അങ്ങനെയുണ്ടെങ്കിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. യോഗം ചേരാൻ പാടില്ലെന്ന് ലീഗൽ ഒപ്പീനിയൻ ഉണ്ട്. ഇത് മറികടന്നാണ് ചാൻസലർ യോഗം വിളിച്ചത്. ‘ – ഇടത് സെനറ്റംഗങ്ങൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed