കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി
കർഷക മാർച്ചിൽ പരിക്കേറ്റ മൂന്ന് കർഷകർക്ക് കാഴ്ച നഷ്ടപ്പെട്ടതായി പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് അറിയിച്ചു. ഹരിയാന പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും മാത്രമല്ല കർഷകർക്ക് നേരെ വെടിയുണ്ടകളും ബുള്ളറ്റുകളും പ്രയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
22 കാരനായ ദേവീന്ദർ സിംഗ് ഭാംഗ് ഷിക്പുരിയയ്ക്കും ഇന്നലെ കണ്ണിന് പരിക്കേറ്റിരുന്നു. പട്യാലയിലെ ഘനാവർ സ്വദേശിയായ കർഷകനാണ് ദേവീന്ദർ സിംഗ്. കണ്ണിലെ പെല്ലറ്റ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി. ചണ്ഡീഗഢിലെ വാർഡ് 32ലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇടതുകണ്ണിൻ്റെ കാഴ്ച്ച എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന തരത്തിൽ കണ്ണിൻ്റെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.