പട്ടാഴിയിൽ ഇന്നലെ മുതൽ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മുങ്ങിമരിച്ച നിലയിൽ
ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരിച്ചത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഉത്സവത്തിൽ പങ്കെടുക്കാൻ പോയെന്നാണ് ആദ്യം മാതാപിതാക്കൾ കരുതിയത്. ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ കുളിക്കാൻ പുഴയിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.