സി.എം.ആർ.എലിന് ഖനനം നടത്താൻ വേണ്ടി നിയമത്തിൽ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ.
കേന്ദ്ര സർക്കാറിന് മുമ്പിലാണ് ലോബി സമ്മർദം ചെലുത്തിയത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ താൽപര്യം എന്തായിരുന്നുവെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. 2019ൽ മരവിപ്പിക്കാൻ സാധിക്കുന്ന ഉത്തരവ് അഞ്ച് വർഷം കൂടി നീട്ടിയതിൽ ദുരൂഹതയുണ്ട്. എ.കെ. ആൻറണി സർക്കാറിൻറെ കാലത്ത് തുടർ നടപടി മരവിപ്പിച്ചിരുന്നു. വ്യവസായ മന്ത്രി പി. രാജീവ് സി.എം.ആർ.എലിന് വേണ്ടിയാണ് വാദിക്കുന്നത്. ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നുവെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഇന്നലെ മന്ത്രി പി. രാജീവ് പറഞ്ഞ വാദങ്ങളെയും കുഴൽനാടൻ ഖണ്ഡിച്ചു. സുപ്രീംകോടതി വിധി ഹൈകോടതി ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ് ഉയർത്തി പിടിക്കുന്നതാണ്. സുപ്രീംകോടതി വിധി പ്രകാരം പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ച് ഖനനം ചെയ്യുന്ന ഭൂമി സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാമായിരുന്നു. എന്നാൽ, എന്തു കൊണ്ട് സർക്കാർ ഏറ്റെടുത്തില്ലെന്ന് കുഴൽനാടൻ ചോദിച്ചു.