രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക നൽകി സോണിയ ഗാന്ധി
ജയ്പുർ: സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകി. ഇന്ന് രാവിലെ ജയ്പുരിലെത്തിയ സോണിയ രാജസ്ഥാൻ നിയമസഭയിലെത്തിയാണ് പത്രിക നൽകിയത്. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള നിലവിലെ ലോക്സഭാംഗം കൂടിയാണ് സോണിയ. 1999 മുതൽ അവർ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയ്ക്ക് പകരം റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും.
കോൺഗ്രസ് നേതാക്കളായ അശോക് ഗഹ്ലോത്, സച്ചിൻ പൈലറ്റ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാനത്തെ പാർട്ടിയുടെ മറ്റു മുതിർന്ന നേതാക്കൾ, എംഎൽഎമാർ തുടങ്ങിയവരെല്ലാം സോണിയയുടെ പത്രിക സമർപ്പണത്തിന്റെ ഭാഗമായി രാജസ്ഥാൻ നിയമസഭയിലെത്തിയിരുന്നു. ബിഹാർ,ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചു. ഹിമാചലിൽ മനു അഭിഷേക് സിങ്വിയും ബിഹാറിൽ അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയിൽ ചന്ദ്രകാന്ത് ഹാൻഡോറും രാജ്യസഭയിലേക്ക് പത്രിക നൽകും. ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.