November 27, 2024, 10:13 pm

ഐഎസ്എൽ; ഇന്ന് അധിക സർവീസുമായി കൊച്ചി മെട്രോ, നഗരത്തിൽ ഗതാഗത നിയന്ത്രണം

ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇന്ന് ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന സർവീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.ഐഎസ്‌എൽ ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മത്സരം കാണാനെത്തുന്നവർ വാഹനങ്ങൾ പൊലീസ്‌ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്തശേഷം മെട്രോ അടക്കമുള്ള പൊതു ഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച്‌ ജെഎൽഎൻ സ്റ്റേഡിയത്തിൽ എത്തണം.

പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റ്‌ വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യണം. പറവൂർ, തൃശൂർ, മലപ്പുറം എന്നീ മേഖലകളിൽനിന്ന്‌ എത്തുന്നവർ ആലുവ ഭാഗത്തും കണ്ടെയ്നർ റോഡിലും പാർക്ക്‌ ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്ന്‌ വരുന്നവർ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.

കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക്‌ നഗരത്തിലേക്ക്‌ പ്രവേശനമില്ല. വൈകീട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്‌ഷനിൽനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് പൊറ്റക്കുഴി–-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ, എസ്എ റോഡുവഴി യാത്ര ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed