ചർച്ച് ബിൽ നിയമമാകുമെന്ന് പ്രതീക്ഷ -പാത്രിയാർക്കീസ് ബാവ
ആരാധനാസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ചർച്ച് ബിൽ ഉടൻ നിയമമാകുമെന്നാണ് പ്രതീക്ഷയെന്ന് ആകമാന സുറിയാനിസഭാ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ പറഞ്ഞു. പുത്തൻകുരിശ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ചർച്ച് ബിൽ യാഥാർഥ്യമാക്കാൻ നടപടി എടുക്കണമെന്ന് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് അപ്പോസ്തലിക സന്ദർശനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞുസെമിത്തേരി ബിൽ കൊണ്ടുവന്നതിൽ സഭയ്ക്കു നന്ദിയുണ്ട്. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. തങ്ങളാൽ ചെയ്യാവുന്ന പരമാവധി സഹായങ്ങൾ ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്കിയതായും ബാവ പറഞ്ഞു.
പള്ളിത്തർക്കം മാറ്റമില്ലാതെ തുടരുന്നതു വേദനാജനകമാണ്. സമാധാനം പുലരുമെന്നാണ് പ്രതീക്ഷ. ഒരേ വിശ്വാസത്തിലും പൈതൃകത്തിലുമുള്ളവർ പരസ്പരം പോരടിച്ച് കഴിയേണ്ടവരല്ല. സമാധാനപരമായി സഹവർത്തിക്കേണ്ടതുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.