തീവണ്ടിമാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ
പശ്ചിമബംഗാളിൽനിന്ന് എടക്കരയിലേക്ക് തീവണ്ടിമാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് അതിഥിതൊഴിലാളികളെ എടക്കര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ സൗത്ത് 24 പർഗാനസ് സ്വദേശികളായ അംജത് (32), ഗുഷിബുൾ (43), അബ്ദുൾറഹ്മാൻ (23), കരീം ഖാൻ (24) എന്നിവരെയാണ് എസ്.ഐ. യുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ക്ലാരീസ് ന്യൂസ്.
അതിഥിത്തൊഴിലാളികൾ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അവധിയെടുത്ത് നാട്ടിലേക്കുപോകുന്ന തൊഴിലാളികൾ അവിടെനിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാർക്ക് കൈമാറുകയാണു പതിവ്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.വിപണിയിൽ അഞ്ചുലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.