പണം തട്ടാൻ പൈപ്പ് പൊട്ടലും കുഴി അടക്കലും പതിവാക്കി പൊന്നാനി വാട്ടർ അതോറിറ്റി അധികൃതർ.
അഴിമതിക്ക് അവസരമുണ്ടാക്കാൻ അനാസ്ഥ തുടരുക എന്ന പൊന്നാനി വാട്ടർ അതോറിറ്റിയുടെ തന്ത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്..പൊട്ടിയ പൈപ്പുകളും കുഴികളും ഇടക്കിടെ അറ്റകുറ്റപണി നടത്തി ഫണ്ട് തട്ടുന്ന നിരവധി തെളിവുകളാണ് പൊന്നാനിയിൽ കാണാൻ കഴിയുന്നത്.
ഒരു തവണ പൊട്ടിയ പൈപ്പുകൾ റിപ്പേർ ചെയ്ത ശേഷം ഇതേ സ്ഥലത്ത് ഇടക്കിടെ പൊട്ടുകയും കുഴി അടക്കുകയും ചെയ്യുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഏറ്റവും തിരക്കേറിയ കെ കെ ജംഗ്ഷനിലെ പുത്തൻ പള്ളി റോഡിൽ ഇപ്പോൾ വലിയ കുഴിയായി കിടക്കുന്നത് നവകേരള സദസ്സിന് മന്ത്രിമാർ എത്തുന്നതിൻ്റെ ഒരു ദിവസം മുമ്പ് അടച്ചതാണ്.എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പഴയ അവസ്ഥയായി.ചമ്രവട്ടം ജംഗ്ഷനിലും കെ കെ ജംഗ്ഷനിലും ഒരേ സ്ഥലത്ത് ഇടക്കിടെ പൊട്ടുന്നതും റിപ്പേർ ചെയ്യുന്നതും പ്രദേശത്തുകാർ കണ്ടു മടുത്തതാണ്.
ആർ വി ഹാളിന് മുൻവശം സി വി ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പ് പരിസരം ,കെ കെ ജംഗ്ഷനിലെ പുത്തൻ പള്ളി റോഡ് എന്നിവിടങ്ങളിൽ ഒരേ സ്ഥലത്ത് പല തവണ അറ്റകുറ്റ പണി നടത്തി എന്ന് കാണിച്ച് വലിയ ഫണ്ടുകൾ വെട്ടിപ്പു നടത്തിയതാണ് പരാതിക്ക് ഇടയായിട്ടുള്ളത്.
പൊന്നാനിയിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥർക്ക് ഉന്നതങ്ങളിലെ ബന്ധങ്ങളാണത്രേ വഴി വിട്ട ഫണ്ട് തട്ടിപ്പിന് ധൈര്യമെന്നാണ് പരാതിക്കാർ പറയുന്നത്.
നവ കേരള സദസ്സിൽ ഈ വകുപ്പിനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നു.
പൊന്നാനിയിലെ അധികൃതരുടെ അനാസ്ഥ സംബന്ധിച്ച പരാതികൾ ഇപ്പോൾ ഇവരുടെ ടേബിളിൽ തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
അഴിമതി നടത്താനായി യാത്രക്കാരെ ദുരിതത്തിലാക്കുന്ന പൊന്നാനി വാട്ടർ അതോറിറ്റിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.കെ കെ ജംഗ്ഷനിലെ കുഴിക്കെതിരെ ചില സംഘടനകൾ പരസ്യ പ്രതിഷേധം നടത്തിയിരുന്നു.അഴിമതി നടത്താൻ അനാസ്ഥ കാണിക്കുന്ന പൊന്നാനിയിലെ വാട്ടർ അതോറിറ്റി അധികൃതരുടെ പേരിൽ വിജിലൻസ് അടക്കമുള്ള ഏജൻസികളുടെ അന്വേഷണം നടത്തണമെന്നും ദുരിതം പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കെ കെ ജംഗ്ഷൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു