ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ അസ്പർശാനന്ദ സ്വാമികൾ സമാധിയായി
ശിവഗിരി മഠത്തിലെ സീനിയർ സന്യാസിവര്യനും കഴിഞ്ഞ 25 വർഷകാലമായി ശിവഗിരി മഠത്തിൻ്റെ ശാഖാ സ്ഥാപനമായ മുഹമ്മ വിശ്വഗാജി മഠത്തിൻ്റെ സെക്രട്ടറിയുമായ ബ്രഹ്മശ്രീ അസ്പർശാനന്ദ സ്വാമികൾ ഇന്ന് വെളുപ്പിന് സമാധിയായി. രാവിലെ 10 മണി വരെ മുഹമ്മവിശ്വഗാജി മഠത്തിലെ പൊതുദർശനത്തിന് ശേഷം സ്വാമിജിയുടെ ഭൗതിക ശരീരം ശിവഗിരിയിലേക്ക് കൊണ്ട് പോകുന്നതും തുടർന്ന് വൈദിക ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് ശിവഗിരിയിൽ സമാധിയിരുത്തുന്നതുമായിരിക്കും.
ഇടുക്കി മുനിയറ എന്ന ഗ്രാമത്തിൽ ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച സ്വാമിജി തൻ്റെ ജീവിതം ഭഗവാൻ ശ്രീ നാരായണ ഗുരുദേവ ദർശനങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുവാനായി മാറ്റി വയ്ക്കുകയായിരുന്നു. നല്ല ഒരു പ്രഭാഷകനായിരുന്ന സ്വാമിജി ഗുരുദർശനം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിൽ മുഴുവനും സഞ്ചരിച്ചിട്ടുണ്ട്. ഗുരുദേവൻ്റെ മതാതീത.ആത്മീയ കാഴ്ചപ്പാടിലൂന്നിയുള്ള സ്വാമിജിയുടെ പ്രഭാഷണങ്ങൾ എല്ലാം ശ്രദ്ധേയമാണ്. സ്വാമിജിയുടെ കഠിനമായ പ്രയത്‌നം ഒന്ന് കൊണ്ട് മാത്രമാണ് അഞ്ച് ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന മുഹമ്മ വിശ്വഗാജി മഠം ഇന്ന് കാണുന്ന രീതിയിൽ പുരോഗതി പ്രാപിച്ചത്. നല്ല ഒരു ധ്യാന മണ്ഡപവും ഗുരുക്ഷേത്രവും അതിനോട് ചേർന്ന് ശിവക്ഷേത്രവും പണിയുക എന്ന ആഗ്രഹം സ്വാമിജി സഫലീകരിച്ചു. അതിന് ശേഷം ഒരു നല്ല അന്നദാന മന്ദിരവും അടുക്കളയും കൂടി നിർമ്മിക്കണമെന്ന ആഗ്രഹം പൂർത്തീകരിച്ച് അതിൻ്റെ ഉദ്ഘാടനത്തിന് കാത്ത് നില്ക്കാതെയാണ് ഗുരുസന്നിധിയിലേക്ക് യാത്രയാകുന്നത്. ശിവഗിരി മഠത്തിൻ്റെ കേരളത്തിലെ വിവിധ ശാഖാ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്ന സ്വാമിജി ജീവിതത്തിൻ്റെ ഭൂരിഭാഗവും ചിലവഴിച്ചത് ആലപ്പുഴ ജില്ലയിലായിരുന്നു. ആലപ്പുഴ ജില്ലയിൽ സ്വാമിജി പ്രഭാഷണങ്ങൾ നടത്താത്ത ഒരു ഗ്രാമപ്രദേശവും കാണില്ല. ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലക്ക് തീരാനഷ്ടമാണ് സ്വാമിജിയുടെ സമാധി. ഗുരുധർമ്മ പ്രചാരകനെന്ന നിലയിലും വൃക്തിപരമായും സ്വാമിജിയുടെ സമാധി നാടിന് തീരാനഷ്ടമാണ്