ഗുജറാത്തിൽ സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു; അപകടത്തിൽപെട്ടത് 27 അംഗസംഘം യാത്രചെയ്ത ബോട്ട്
വഡോദര:വിനോദ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് വഡോദരയിലെ ഹർണി തടാകത്തിൽ അപകടത്തിൽപെട്ടത്. നിരവധിപേരെ കാണാതായിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.
സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ കയറിയ വിദ്യാർഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. 23 പേർ ബോട്ടിൽനിന്ന് തടാകത്തിലേക്ക് വീണതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫിനൊപ്പം അഗ്നിരക്ഷാ സേനയും തിരച്ചിലിനുണ്ട്. രക്ഷപെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ഏഴ് കുട്ടികളെ രക്ഷപെടുത്തിയതായി ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിനു പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലുള്ളവർക്ക് എല്ലാവിധ ചികിൽസാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.