ബാങ്ക് ഓഫ് മഹാരാഷ്ട്ര 1,036 കോടി രൂപ ലാഭം രേഖപ്പെടുത്തി.
പൂനെ ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര നടപ്പുവര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 33.61 ശതമാനം കുതിപ്പോടെ 1,036 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 775 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 4,770 കോടി രൂപയില്‍ നിന്ന് 5,851 കോടി രൂപയായും വര്‍ധിച്ചു. പ്രവര്‍ത്തന ലാഭം 1,580 കോടി രൂപയില്‍ നിന്ന് 27.32 ശതമാനം ഉയര്‍ന്ന് 2,012 കോടി രൂപയായി. കഴിഞ്ഞപാദത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റ പലിശ വരുമാനം 24.6 ശതമാനം മെച്ചപ്പെട്ട് 2,465 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 1,980 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള ബാങ്കിന്റെ പലിശവരുമാനവും നിക്ഷേപങ്ങളിന്മേലുള്ള പലിശച്ചെലവും തമ്മിലെ അന്തരമാണ് അറ്റ പലിശ വരുമാനം. മൊത്തം നിഷ്‌ക്രിയ ആസ്തി 2.19 ശതമാനത്തില്‍ നിന്ന് 2.04 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.23 ശതമാനത്തില്‍ നിന്ന് 0.22 ശതമാനത്തിലേക്കും താഴ്ന്നതും മികച്ച ലാഭം കുറിക്കാന്‍ ബാങ്കിന് സഹായകമായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 582 കോടി രൂപയില്‍ നിന്ന് 943 കോടി രൂപയായി കഴിഞ്ഞപാദത്തില്‍ വര്‍ധിച്ചിട്ടും മികച്ച ലാഭം നേടാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.