അണിഞ്ഞൊരുങ്ങി മലമ്പുഴ – ഉദ്യാനത്തിലെ പുഷ്പമേള 23 മുതല്‍.
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കും. പ്രത്യേകതരം ഫ്ളവര്‍ ബഡ്സ്, വിവിധതരം പൂക്കള്‍ ഉള്‍പ്പെടുത്തി ഉദ്യാനം, ഓര്‍ക്കിഡ് ഫാം തുടങ്ങിയവ സജ്ജീകരിക്കും. ഉദ്യാനത്തിലെ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ഓര്‍ക്കിഡ്, നാടന്‍ പൂക്കള്‍ എന്നിവ നിലവില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. സീനിയ, വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, റോസുകള്‍, ഡെലീഷ്യ, കോസ്മോസ്, ഡാലിയ, സാല്‍വിയ, വാടാമല്ലി, ജമന്തി തുടങ്ങി 30 ഓളം വൈവിധ്യമാര്‍ന്ന പൂക്കളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഉദ്യാനത്തിന്റെ മുന്‍വശത്ത് ഓര്‍ക്കിഡും മറ്റിടങ്ങളില്‍ നാടന്‍പൂക്കളുമാണ് സജ്ജീകരിച്ചത്. ഒക്ടോബര്‍ മുതല്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ചെടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
പുഷ്പമേളക്ക് ആകര്‍ഷകമായി മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളില്‍നിന്നുള്ള 16 വിദ്യാര്‍ത്ഥികള്‍ ഉദ്യാനത്തിനകത്ത് ചുമര്‍ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. മേളയില്‍ സ്വകാര്യ നഴ്സറികളിലെ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിതചട്ടം പാലിച്ച് ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും ഒരുക്കും.