കൂട്ടായിയിൽ തീപ്പിടിത്തം പതിവാകുന്നു : ഒരാഴ്ചയ്ക്കിടെ മൂന്നിടത്ത് തീപ്പിടിത്തം
കൂട്ടായിയിൽ ദുരൂഹസാഹചര്യത്തിൽ തീപ്പിടിത്തമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നിടത്താണ് അപകടമുണ്ടായത്. കൂട്ടായി പള്ളിവളപ്പിൽ ബുധനാഴ്ചയാണ് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് കത്തിനശിച്ചത്.
പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. കുറച്ചുദിവസങ്ങൾക്കു മുൻപാണ് കൂട്ടായി സുൽത്താൻ ബീച്ചിൽ സമാനമായരീതിയിൽ മറ്റൊരു മത്സ്യബന്ധന ഷെഡ് കത്തിനശിച്ചത്. രണ്ടും ഓലഷെഡായിരുന്നു.പള്ളിവളപ്പിൽ തൊട്ടാൽ സെയ്തലവി, അസ്നാരെപുരയ്ക്കൽ നസീർ, മരക്കാരകത്ത് അലിക്കുട്ടി എന്നിവരുടെ വലയുൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുണ്ടായിരുന്നു. ഉടമസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സുൽത്താൻ ബീച്ചിലെ ബായാർ മുജമ്മഹ് ഫൈബർ വള്ളത്തിന്റെ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡാണ് കത്തിനശിച്ചത്. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇത്തരം ദുരൂഹസംഭവങ്ങൾക്കു പുറമെ തീരദേശത്ത് മോഷണങ്ങളും കൂടിയിട്ടുണ്ട്.