April 20, 2025, 5:35 am

മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ.തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സലിം മണ്ണേലിന്റെ മരണത്തെ തുടർന്നാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്.

കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. വിവാഹ മോചനവുമായി ബന്ധപെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെ മർദ്ദനമേറ്റ് ആണ് സലിം മണ്ണേൽ മരിച്ചതെന്നാണ് പരാതി. കരുനാഗപ്പള്ളി പാലോലിക്കുളങ്ങരയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം.മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്നാണ് എഫ് ഐ ആർ. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്ഐആറിൽ പറയുന്നു.