തീയറ്ററുകൾ ഇളക്കി മറിച്ച് അബ്റഹാം ഓസ്‍ലർ
‘അബ്റഹാം ഓസ്‍ലർ’ ലൂടെ ജയറാമിൻറെ തിരിച്ചുവരവിനെ ആഘോഷമാക്കുകയാണ് തിയറ്ററുകൾ. 2015ല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ച മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം മെഡിക്കൽ ത്രില്ലറായാണ് സ്‌ക്രീനിൽ എത്തുന്നത്. എബ്രഹാം ഓസ്ലറിന് വമ്പന്‍ പ്രതികരണങ്ങളാണ് ആദ്യ ദിനങ്ങളില്‍ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥിവേഷം ഓസ്‍ലെറിന്റെ വിജയ തിളക്കം ഇരട്ടിയാക്കിയാക്കിയിരിക്കുകയാണ് എന്ന് തന്നെ പറയാം. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് മെഡിക്കൽ ക്രൈം ഇൻവെസ്റ്റിഗേഷൻ കഥ പറയുന്ന ചിത്രത്തിന് ഇതിനോടകം വലിയ പ്രേക്ഷക പിന്തുണ ലഭിച്ചുകഴിഞ്ഞു.
ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവും മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും തിയറ്ററുകളിൽ നിറഞ്ഞ കയ്യടികലാണ് നേടിയത്. അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. വ്യക്തിജീവിതത്തിൽ ചില തിരിച്ചടികൾ നേരിട്ട് ഔദ്യോഗികജീവിതവും ചോദ്യചിഹ്നത്തിൽ നിൽക്കുന്ന ഓസ്ലറിന് മുന്നിലേക്ക് സങ്കീർണമായ ഒരു കേസ് എത്തുന്നതും അതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ യാത്രയുമാണ് ചിത്രത്തിലുടനീളം പറഞ്ഞു പോകുന്നത്. മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത മെഡിക്കൽ പശ്ചാത്തലത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രത്തിൽ മെഡിക്കൽ കോളേജും മെഡിക്കൽ വിദ്യാർത്ഥികളും അവർ കൈകാര്യം ചെയ്യുന്ന കേസുകളും ഉപയോഗിക്കുന്ന വാക്കുകളുമെല്ലാം പുതുമയുടെ കാഴ്ചാനുഭവം സമ്മാനിക്കുന്നതാണ്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ വേണ്ട എല്ലാവിധ എലെമെന്റ്റുകളും മിഥുൻ ഇതിൽ ഒരുക്കി വെച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒരുപിടി മുകളിലുള്ള സസ്പെൻസുകൾ നൽകുവാൻ സിനിമക്ക് സാധിച്ചു. കാണികളെ ഒട്ടും ബോർ അടിപ്പിക്കാതെ നൂറു ശതമാനവും തൃപ്തിപ്പെടുത്തി ത്രില്ലർ സിനിമകളുടെ മുൻനിരയിൽ ഓസ്‍ലർ ഇനി ഉണ്ടാകും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.
ചിത്രത്തിലെ മമ്മുട്ടിയുടെ അഥിതി വേഷം അണിയറ പ്രവർത്തകർ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നതാണ്. പ്രതീക്ഷിച്ചപോലെ തന്നെ മമ്മൂട്ടിയുടെ എൻട്രി പ്രേക്ഷകരെ ഞെട്ടിച്ചു എന്ന് തന്നെ പറയണം. പ്രേക്ഷകരെ ചിത്രവുമായി കൂടുതൽ അടുപ്പിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രമാണ്. അതെ സമയം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഓസ്‍ലെറിന് ഉണ്ട്. ജഗദീഷ്, അർജുൻ അശോകൻ, സൈജു കുറുപ്പ്, കുമരകം രഘുനാഥ്, സെന്തിൽ കൃഷ്ണ, അനൂപ് മേനോൻ, അനശ്വര രാജൻ, ദിലീഷ് പോത്തൻ എന്നിവരും കരിയറിലെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ഓസ്‍ലെറിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു.
മികച്ച പ്രതികരണം നേടിയ ‘എബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്. 2.85 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനമായ ഇന്നലെ കേരളത്തില്‍ 150ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാല്‍ ചിത്രം നേരിന്റെ ആദ്യ ദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‌ലര്‍ മറികടന്നു. 130ല്‍ അധികം എക്‌സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തില്‍ നേരിന് ഉണ്ടായിരുന്നത്.