November 27, 2024, 10:10 pm

പരാമർശമല്ല യാഥാർഥ്യം; മുഖ്യമന്ത്രിക്കെതിരെ എം ടി

മുഖ്യമന്ത്രിക്കെതിരെ നടത്തിയത് പരാമർശമല്ല യാഥാർഥ്യം. എം ടിയുടെ വിശദീകരണമെന്ന പേരിൽ എഴുത്തുകാരൻ എൻ എ സുധീറാണ് ഫേസ്ബുക് പോസ്റ്റിലൂടെ താൻ പറഞ്ഞത് പരാമർശമല്ല യാഥാർഥ്യമെന്ന് എം ടി പറഞ്ഞതായി കുറിച്ചത്. പിണറായി വിജയനെതിരെയുള്ള വിവാദ പരാമർശം ആളിക്കത്തുമ്പോഴാണ് എൻ എ സുധീർ വിശദീകരണവുമായി എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ രാഷ്ട്രീയ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം എം ടി വാസുദേവന്‍ നായര്‍ ഉന്നയിച്ചത്. കോഴിക്കോട് നടന്ന ഏഴാമത് കേരള സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രി ഇരിക്കെയാണ് എം ടി പരാമർശം നടത്തിയത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിത്യമോ ആയി മാറി എന്ന് പറഞ്ഞ സാഹിത്യകാരന് പിന്തുണയുമായി നിരവധിപേർ രംഗത്ത് വന്നു.

‘രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗ്ഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്‍റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി’ എം ടി പറഞ്ഞു.

എം ടി എന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പുന്ന വ്യക്തിത്വമെന്ന് നടൻ ഹരീഷ് പേരടി. ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എംടി എന്നും അദ്ദേഹം ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

You may have missed