November 28, 2024, 3:06 am

യമനിൽ ബോംബാക്രമണം; അമേരിക്കക്കും ബ്രിട്ടനും കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികൾ

യമനിൽ അമേരിക്കയും ബ്രിട്ടനും സംയുക്തമായി പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി.ഹുദൈദ, സൻആ തുടങ്ങി സ്ഥലങ്ങളിൽ ആണ് ബോംബാക്രമണം നടന്നത്. ഇതിനെതിരെ കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലർച്ചെ യു.എസ് -യു.കെ ആക്രമണം നടന്നത്.

ചെങ്കടലില്‍ തങ്ങളുടെ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണ പ്രളയത്തിന് പിന്നാലെയാണ് യു.എസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയത് എന്നും ചെങ്കടലിലെ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികൾക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ പറഞ്ഞു.

ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഗസ്സക്ക് പുറമേ യമനും സംഘർഷഭരിതമായതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. അതിനിടെ, യമൻ ആക്രമണം യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും അടിയന്തരമായി ഇന്നുതന്നെ സുരക്ഷാ കൗൺസിൽ വിളിച്ചു ചേർക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

അതെസമയം യമനിൽ ബോംബാക്രമണം നടത്തിയ യു.എസിനും യു.കെക്കും എതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന്ഹൂതി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈൻ അൽ-എസ്സി മുന്നറിയിപ്പ് നൽകി. “അമേരിക്കൻ ബ്രിട്ടീഷ് കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ വൻ ആക്രമണത്തിന് നമ്മുടെ രാജ്യം വിധേയമായി. അവർ കനത്ത വില നൽകേണ്ടിവരും. ഈ ആക്രമണത്തിന്റെ എല്ലാ ഭയാനകമായ പ്രത്യാഘാതങ്ങളും നേരിടാൻ അവർ തയ്യാറാകേണ്ടിവരും” അദേഹം പറഞ്ഞു.

You may have missed