ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു
സിറോ മലബാര്‍ സഭയ്ക്ക് ഇനി പുതിയ നാഥന്‍. ഷംഷാബാദ് രൂപത ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു. ചൊവ്വാഴ്ച, സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്.
ത്രേസ്യ – ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനായാണ് ജനിച്ചത്. 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമിൽ ഉന്നത പഠനത്തിനായി പോയി.അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്.