ഗന്ധർവ സംഗീതത്തിന് ഇന്ന് എണ്പത്തി നാലാം പിറന്നാൾ
മലയാളികളുടെ അഭിമാനം കെ.ജെ യേശുദിസിന് ഇന്ന് 84-ാം പിറന്നാൾ. ആറ് പതിറ്റാണ്ടിലേറെയായി മലയാളികളുടെ കാതുകൾക്ക് ഇമ്പമായി ആ ഗന്ധർവ സംഗീതം നമുക്കൊപ്പമുണ്ട്. ‘ജാതിഭേദം മതദ്വേഷം…എന്ന കീർത്തനം ആലപിച്ചു കൊണ്ടു തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും സംഗീത പ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട്കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് ജനിച്ചത്. സംഗീത രംഗത്ത് ആറ് പതിറ്റാണ്ടോളമായി സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടി. കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച ഗായകനുള്ള അവാർഡുകൾ ദാസേട്ടനെ തേടി എത്തി.
ദാസേട്ടന്റെ പാട്ടുകൾ ഏറ്റുപാടാത്ത മലയാളികൾ ഇല്ല. അറുപതുകളിൽ തുടങ്ങിയ ആ മാന്ത്രിക വിസ്മയം ഇന്നും പതിന്മടങ്ങ് തിളക്കത്തിൽ കത്തി ജ്വലിക്കുന്നു. പുതുതലമുറയിൽ നിരവധി സംഗീതജ്ഞരും സംഗീത സംവിധായകരും മാറി മാറി വന്നിട്ടും ദാസേട്ടന്റെ തട്ട് താണുത്തന്നെ ഇരുന്നു. യേശുദാസിനെ കേൾക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോയിട്ടില്ല എന്ന് തന്നെ പറയാം. സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ് യേശു ദാസ്.
ഈ മണ്ണിൽ ജനിച്ചതിനും മലയാളികൾക്ക് അഭിമാനമായി വളർന്നതിനും ദാസേട്ടാ അങ്ങേക്ക് പ്രണാമം.