കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിൽനിന്ന് ഇന്ന് പുലർച്ചെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അടൂരിലെ വീടുവളഞ്ഞ പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നവകേരള സദസിനെതിരെ നടന്ന പ്രതിഷേധങ്ങൾ പോലീസും സിപിഐഎം ഉം കായികമായി നേരിട്ടതിനെതിരെ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ നാലാം പ്രതിയായി ചേർത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരത ആണെന്നാണ് രമേശ് ചെന്നിത്തല ഇതിനെതിരെ പറഞ്ഞത്.
“മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും സംസാരിച്ചാലോ മുദ്രവാക്യം വിളിച്ചാലോ എന്തും ചെയ്യാം എന്ന ധാർഷ്ട്യം പൊലീസിന് ഉണ്ടായിരിക്കുന്നു. ഇതിനെ ജനകീയമായിതന്നെ ഞങ്ങൾ നേരിടും” രമേശ് ചെന്നിത്തല പറഞ്ഞു. പോലീസിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടകരമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായ പ്രധിഷേധമാണ് യൂത്ത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. വൈദ്യപരിശോധനക്ക് കൊണ്ടുപോയ ഫോർട്ട് ആശുപത്രിയുടെ പുറത്തും കോടതി വളപ്പിലും വലിയ ജനക്കൂട്ടം പ്രധിഷേധവുമായി തടിച്ചു കൂടിയിട്ടുണ്ട്.