ഭക്തർക്ക് ആശ്വാസം പകർന്ന് സന്നിധാനം ആയുർവേദ ആശുപത്രി. ഇതുവരെ ചികിത്സ തേടിയത് 52,000 ത്തോളം പേർ
മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭക്തർക്കു മികച്ച സേവനമൊരുക്കി ശ്രദ്ധേയമാവുകയാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രി. പ്രതിദിനം ആയിരത്തോളം ഭക്തരാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. ഈ സീസണിൽ ഇതുവരെ 52,000 പേരാണ് സന്നിധാനം ആയൂർവേദ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി മൂന്നു ട്രാക്ടറുകളിലായി പമ്പയിൽ നിന്നും മരുന്നുകൾ സന്നിധാനത്ത് എത്തിച്ചു കഴിഞ്ഞു. ഇതിനു പുറമേ മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിനായി 12 ലക്ഷം രൂപയുടെ മരുന്നുകളാണ് സന്നിധാനത്തെ ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുള്ളതെന്ന് സന്നിധാനം ആയുർവേദ ആശുപത്രി ചാർജ്ജ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാനവാസ് പറഞ്ഞു.
കാനനപാതയിലൂടെ നഗ്ന പാദരായി നടന്നെത്തുന്ന അയ്യപ്പഭക്തർക്ക് സാധാരണയായി ഉണ്ടാവാറുള്ള പേശി വേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഉദര രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് ആയൂർവേദ ആശുപത്രി മുഖേന ലഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ആശ്വാസം ലഭിക്കുന്നു എന്നതു തന്നെയാണ് ആയൂർവേദ ചികിത്സയ്ക്ക് പ്രിയമേറാനുളള കാരണവും. കൂടാതെ ഭക്തർക്ക് തിരുമ്മൽ ചികിത്സയും ഔഷധക്കൂട്ടുകൾ ചേർത്ത് ആവി പിടിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 8000 ത്തോളം പേരാണ് പഞ്ചകർമ്മ തെറാപ്പി പ്രയോജനപ്പെടുത്തിയത്.
പോലീസുകാർ, ദേവസ്വം ജീവനക്കാർ, മറ്റ് ജോലിക്കെത്തിയവർ എന്നിവർക്കെല്ലാം അനുഗ്രഹമാവുകയാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രി. ഡ്യൂട്ടി കഴിഞ്ഞ് ആയൂർവേദ ആശുപത്രി സേവനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇവരിൽ പലരും മടങ്ങുന്നത്. പേശിവേദന, നടുവേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് കൂടുതൽപേരും എത്തുന്നത്. ചൂട് പിടിപ്പിച്ചും ബാൻഡേജ് ചുറ്റിയും ആവി പിടിക്കാനുള്ള സൗകര്യമൊരുക്കിയും ആശുപത്രി സേവനങ്ങൾ ഇവർക്കും ഉറപ്പാക്കുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ എട്ട് ഡോക്ടർമാരും അഞ്ച് തെറാപ്പിസ്റ്റുകളുമുൾപ്പെടെ 23 പേർ സേവനം അനുഷ്ഠിക്കുന്നു. ഇക്കൂട്ടത്തിൽ മർമ്മ സ്പെഷ്യലിസറ്റ് ഡോക്ടർമാരും നാലു ഫാർമസിസ്റ്റും ആറ് സപ്പോർട്ടിങ് ജീവനക്കാരും ആശുപത്രിയിൽ സേവനത്തിലുണ്ട്.
ഭാരതീയ ചികിത്സാവകുപ്പിന്റെ നേതൃത്വത്തിൽ ചാർജ്ജ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാനവാസിന്റെ മേൽനോട്ടത്തിലാണ് നിലവിൽ സന്നിധാനത്ത് ഭക്തർക്കായി ആശുപത്രിയിൽ സേവനം ഒരുക്കുന്നത്. സന്നിധാനത്തിനു പുറമേ പമ്പയിലും എരുമേലിയും ആശുപത്രി പ്രവർത്തിച്ചുവരുന്നു. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനു പുറമേ മാസ പൂജ സമയങ്ങിലും ആശുപത്രി സേവനം സന്നിധാനത്ത് ലഭ്യമാണ്. നിലവിൽ ജനുവരി 20 വയൊണ് ആശുപത്രിയുടെ പ്രവർത്തനം.