November 27, 2024, 10:18 pm

ആകെമൊത്തം ആപ്പിലായി സജി ചെറിയാൻ. വിവാദ പരാമർശത്തിൽ കയ്യൊഴിഞ്ഞു പാർട്ടിനേതൃത്വം

മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ അബദ്ധ പ്രയോഗം മാത്രമാണെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. വിഷയത്തിൽ കേരള കോൺഗ്രസ് എം വിഭാഗം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ലഎന്നും ഇടതുമുന്നണി അഭിപ്രായം പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സി.പി.എം. പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ ആർ. മുരളീധരൻ നായർ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെയാണ് സജി ചെറിയാൻ പരാമർശം നടത്തിയത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ വിമർശനം.

മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. എംഎം മണിയെ പോലെ മുഖ്യമന്ത്രി സജി ചെറിയാനെ അഴിച്ചു വിട്ടിരിക്കുകയാണെന്നും സജി ചെറിയാനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല എന്നും വി ഡി സതീശൻ പറഞ്ഞു. അതേ സമയം എന്തുകൊണ്ട് സജി ചെറിയാനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്ന് ചോദിച്ച പ്രതിപക്ഷനേതാവ് ഇക്കാര്യത്തില്‍ ജോസ് കെ.മാണിയുടേയും റോഷി അഗസ്റ്റിന്റെയും നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു.

നവകേരള സദസ്സ് യു.ഡി.എഫ് ബഹിഷ്‌കരിച്ച പരിപാടിയായിരുന്നു. പക്ഷേ അതിൽ പങ്കെടുത്ത് ഒരാളെയും തങ്ങൾ അധിക്ഷേപിചിട്ടില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വിളിച്ചാൽ പോകുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അതിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിക്കുകയാണ് കെ.സി.ബി.സി. പ്രസ്താവന പിന്‍വലിച്ചില്ലെങ്കിൽ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് പറഞ്ഞു. സംഭവത്തിൽ രൂക്ഷവിമർശനവുമായി ദീപിക ദിനപത്രവും രംഗത്ത് എത്തിയിരുന്നു. സഭാമേലധ്യക്ഷന്മാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നു. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചു പറയുന്നു. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയാൻ മന്ത്രിമാർ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

ക്രൈസ്തവർ എന്തുരാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങൾ ചെയ്യുന്നത് ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതൽ വ്യക്തമാക്കുന്നു- മുഖപ്രസംഗത്തിൽ പറയുന്നു. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

You may have missed