November 28, 2024, 12:57 am

കോടികളുടെ കുടിശ്ശിക ; എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലക്കുന്നു

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിവാധങ്ങൾ കൊണ്ട് ചൂടുപിടിച്ച സർക്കാർ പദ്ധതി ആയിരുന്നു സേഫ് കേരള. റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കോടികൾമുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം പല സ്ഥലത്തും നിലയ്ക്കുകയാണ്. എഐ ക്യാമറകളുടെ നടത്തിപ്പ് കരാറെടുത്തിട്ടുള്ള കെൽട്രോണിന് സംസ്ഥാന സർക്കാർ പണം നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ആറുമാസം പിന്നിടുമ്പോഴും ആദ്യ ഗഡുവമായി കെൽട്രോണിനു നൽകേണ്ടിയിരുന്ന 11.79 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. പണം നൽകാത്തതിനെ തുടർന്ന് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ഒരുമാസമായി കരാർ കമ്പനിയായ കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ല. ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുകയാണ്. ലക്ഷങ്ങൾ വൈദ്യുതി കുടിശ്ശികയായതോടെയാണിത്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല. കരാർപ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നുമില്ല. പണം കിട്ടാത്തതിനാൽ കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്. അതോടെ കേരളത്തിലെ എ.ഐ. ക്യാമറകളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും.

ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ വാഹനമുടമയ്ക്ക് ഫോണിൽ ഉടൻ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാൽ, ഫോൺനമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെഫോണിൽ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാർക്ക് തപാൽമാർഗം നോട്ടീസ് ലഭിച്ചാലേ നിയമലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാൽ, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളിൽ മാത്രമാണ് ഇപ്പോൾ നോട്ടീസ് അയക്കുന്നത്. ക്യാമറകൾ സ്ഥാപിച്ചതിന്റെ പണം ലഭിച്ചില്ലെങ്കിൽ കൺട്രോൾ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്. ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്പനി കടുത്ത നിലപാടിലേക്കു നീങ്ങുന്നത്. ആദ്യ ഗഡുവമായി സർക്കാർ കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തംനിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെൽട്രോൺ നടത്തുന്നത്. ജീവനക്കാർക്കുള്ള ശമ്പളത്തിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റുമാണ് പണംവേണ്ടത്. എ.ഐ. ക്യാമറ പ്രവർത്തനമാരംഭിച്ച് ആറുമാസം പിന്നിടുമ്പോഴാണ് ഈ പ്രതിസന്ധി. നിയമലംഘനങ്ങളിൽനിന്ന് 33 കോടി രൂപ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. നിയമ ലംഘനങ്ങൾ കണ്ടെത്താനായി 280 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോട് കൂടി സംസ്ഥാനത്ത് ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയത്.

You may have missed