പാലാരിവട്ടത്തെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്.എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിഷേധിക്കാരെ പരിഹസിച്ച് മന്ത്രിമാരും രംഗത്തെത്തി.
നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കലാപാഹ്വാനത്തിനാണ് കേസ്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് അടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികളാണ്.