ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പരിശോധന

ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ചിക്കന് വിഭവങ്ങളില് കൃത്രിമ നിറങ്ങള് ചേര് ക്കുന്നതായി പരാതി ഉയര്ന്നതിനെ തുടര്ന്നാണ് ഓരോ റസ്റ്റോറന്റിലും പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ നിയോഗിച്ചസ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. പുതുവത്സര വിപണിയിലെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നല്‍കി.