April 19, 2025, 11:44 pm

വൈഗ കൊലപാതകം; അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരന്‍

കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്.

കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്.ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. സംസ്ഥാനം വിട്ട സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം
കൈക്കലാക്കിയായിരുന്നു യാത്ര . കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മ​ഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ധൂര്‍ത്തുകൊണ്ടുവരുത്തിവച്ച കടബാധ്യതയില്‍ നിന്ന് രക്ഷപ്പെട്ട് നാടുവിടാന്‍ തീരുമാനിച്ച സനുമോഹന്‍, മകള്‍ മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുമെന്ന വിഷമത്തില്‍ വൈഗയെ കൊല്ലുകയായിരുന്നു എന്നതാണ് ഇന്നും കൊലപാതകത്തിനുള്ള കാരണമായി അവശേഷിക്കുന്നത്.