മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മന്ത്രി ആന്റണി രാജുവും രാജിവെച്ചു

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ.
ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും മന്ത്രിമാരാവും.
മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്. ഗണേഷ് കുമാറിൻറെയും,കടന്നപ്പള്ളി രാമചന്ദ്രൻറെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ നടക്കും