April 21, 2025, 8:05 pm

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്ക് കുത്തിവെപ്പ് എടുത്ത കുട്ടിയുടെ കാല് തളർന്ന സംഭവം:- ഡെപ്യൂട്ടി ഡിഎംഒ അന്വേഷണത്തിനെത്തി

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്ക് കുത്തിവെപ്പ് എടുത്ത 7 വയസ്സുകാരന്റെ കാല് തളർന്ന സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടറെ അന്വേഷണ വിധേയമായി മാറ്റിനിർത്തി. സംഭവം അന്വേഷിക്കാൻ ഡിഎംഒ ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തി.ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ഷീജയും സംഘവും വെള്ളിയാഴ്ച അന്വേഷണത്തിനായി ആശുപത്രിയിലെത്തി.
ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഡിഎംഒക്ക് സമീപിക്കുന്ന മുറക്ക് സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകും എന്നാണ് സൂചന. ആശുപത്രി അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കുട്ടിക്ക് കുത്തിവെപ്പ് എടുക്കാൻ നിർദ്ദേശിച്ച ഡോക്ടറെ അന്വേഷണ വിധേയമായി മാറ്റി നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച കുട്ടിക്ക് കുത്തിവെപ്പ് എടുത്ത പുരുഷ നഴ്സിനെയും മാറ്റിനിർത്തി.മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ പ്രതിഷേധവുമായി ആശുപത്രിയിലെത്തി.വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചു. അതിനുശേഷം ആണ് പ്രതിഷേധവുമായി എത്തിയവർ പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാർത്ഥിയുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണമെന്നും സർക്കാർതലത്തിൽ നഷ്ടപരിഹാരം നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പാലയൂർ നാലകത്ത് കാരക്കാട് ഷാപ്പിലെ മകൻ മുഹമ്മദ് ഗസാലിക്കാണ് ഈ ദുരവസ്ഥ. ഗസാലിക്ക് ഇടത് കാലിലെ കടുത്ത വേദനയെ തുടർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.കഴിഞ്ഞ ഒന്നാം തീയതി തലവേദനയെ തുടർന്ന് കുട്ടിയുടെ മാതാവ് ഹിബ മകനുമായി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയതാണ്.പരിശോധിച്ച ഡോക്ടറെ ഒന്നാം പ്രതിയായും കുത്തിവെപ്പ് എടുത്ത പുരുഷ നേഴ്സിനെ രണ്ടാം പ്രതിയായും നേരത്തെ ചാവക്കാട് പോലീസ് കേസെടുത്തു.ഗുരുവായൂർ എസിപി ക്കാണ് കേസിന്റെ അന്വേഷണ ചുമതല.