November 28, 2024, 3:14 am

KSU പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും, ഇതാണ് വിജയന്‍ ഭരണം ഇവിടെ സൃഷ്ടിച്ച നവ കേരളത്തിന്റെ മുഖമുദ്ര’-വി ടി ബല്‍റാം

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍. കാറില്‍ നിന്നിറങ്ങി ഗണ്‍മാന്‍ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവര്‍ത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂര്‍ എസ്‌ഐ തടയാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു.

ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്ത് വീഴുന്നതും കണാം.ഗണ്‍മാന്‍ അനിലിന് നേരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് തല്ലിയത്.

ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസ്, യൂത്ത് കോണ്‍.സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വൈകീട്ട് മൂന്നരയോടെയാണ് കരിങ്കൊടികാട്ടലും മര്‍ദനവും നടന്നത്. പുന്നപ്രയിലേക്ക് മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു വിടി ബല്‍റാം വിമര്‍ശനം ഉയര്‍ത്തിയത്. ‘ഇത്രയും ക്രിമിനല്‍ മനസ്സുള്ളവര്‍ പോലീസ് സേനയുടെ ഭാഗമായി ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്നു എന്നതാണ് വിജയന്‍ ഭരണം ഇവിടെ സൃഷ്ടിച്ച നവ കേരളത്തിന്റെ മുഖമുദ്ര’യെന്നായിരുന്നു വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൊലീസുകാര്‍ കീഴ്‌പ്പെടുത്തിയവരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ വാഹനത്തില്‍ നിന്നു ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നു. ലാത്തികൊണ്ട് തുടരെത്തുടരെ അടിച്ചു. വീണുകിടന്ന കെ എസ് യു പ്രവര്‍ത്തകരുടെ തലയിലും മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നു.

You may have missed