November 28, 2024, 4:09 am

ഡോ ഷഹ്നയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്ത ഡോ റുവൈസ് അറസ്റ്റില്‍;റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.

കേസില്‍ പൊലീസ് കസ്റ്റഡിയിലായ ഡോ. റുവൈസ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവകാശ പോരാട്ടത്തിന് മുന്നില്‍ നിന്നത് വിപ്ലവം നിറച്ചാണ്. കൊട്ടാരക്കരയില്‍ ഡോ. വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധം നയിച്ച നേതാവ്. ഡോ ഷഹ്നയുടെ മരണത്തില്‍ റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി അറസ്റ്റു ചെയ്യും. തെളിവ് കിട്ടിയെന്ന് കഴക്കൂട്ടം എസിപി പൃഥ്വിരാജ് അറിയിച്ചു. ആത്മഹത്യയിലേക്ക് ഡോ ഷഹ്നയെ തള്ളിവിട്ടത് ഡോ റുവൈസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

അന്ന് ആരോഗ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിനെതിരേ റുവൈസ് നടത്തിയ പ്രസംഗവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യമേഖലയിലെ സുരക്ഷാപ്രശ്‌നം അടക്കം ചൂണ്ടിക്കാട്ടി ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് സഹപാഠിയായ പ്രണയിനിയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിലാണ് പി.ജി. ചെയ്തിരുന്നത്. ജീവനൊടുക്കിയ ഡോ. ഷഹന സര്‍ജറി വിഭാഗത്തിലും

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ത്ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ട്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടു വര്‍ഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാര്‍ത്ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങുന്നത്.

കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ബിരുദം റദ്ദാക്കും. ആരോഗ്യ സര്‍വകലാശാലയുടെ നിലപാടാണിത്.ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചു.

റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടര്‍ വന്‍തുക സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടര്‍ന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

You may have missed