April 12, 2025, 4:43 am

വാഹനങ്ങള്‍ക്കിടയിലൂടെ ജീവൻ പണയം വെച്ച്‌ കുട്ടികള്‍

ചെറുവത്തൂര്‍: ദിനംപ്രതി നൂറോളം കുട്ടികള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ കുട്ടികളെ വഴി കടത്താൻ ആളില്ല എന്ന് പരാതി.ദേശീയപാതയയില്‍ ചെറുവത്തൂര്‍ കൊവ്വലിലാണ് അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവൻ പണയം വെച്ച്‌ കുട്ടികള്‍ മറികടക്കുന്നത്.കൊവ്വല്‍ എ.യു.പി. സ്കൂള്‍, കുട്ടമത്ത് ഗവ. ഹയര്‍ സെക്കൻഡറി എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളാണ് ഒരേസമയം ഇതുവഴി കടന്നുപോകുന്നത്.
ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉണ്ടായിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ സേവനം ഇവിടെയില്ല. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം കണ്ടില്ല. വൻ അപകട സാധ്യതയുള്ള ഈ മറികടക്കലിന് പരിഹാരം കാണാൻ അധികൃതര്‍ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.