കാശ്മീര്‍ വാഹനാപകടം മൃതദേഹങ്ങള്‍ നാളെ പുലർച്ചെ നാട്ടിലെത്തിക്കും.
ന്യൂഡല്‍ഹി: കാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍ , സുധീഷ് , രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ പുലര്‍ച്ചെ നാട്ടിലെത്തിക്കും.വ്യാഴായ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നു പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ ആണ് നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂര്‍ എത്തിക്കും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍, ശ്രീജേഷ്, അരുണ്‍, പി അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിക്കും.
കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍മാരായ ടി ഒ ജിതിന്‍ രാജ്, വി അനൂപ് എന്നിവരാണ് ശ്രീനഗറില്‍ നിന്നു സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസി. ലെയ്‌സണ്‍ ഓഫീസര്‍ ജിതിന്‍ രാജ് പാലക്കാട് ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിക്കും.സൗറയിലെ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍, മുരുകന്‍, ഷിജു എന്നിവര്‍ അവിടെ തുടരും. വിനോദ യാത്ര സംഘത്തില്‍ പതിമൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.