November 28, 2024, 2:05 am

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്കു ജാഗ്രത നിര്‍ദ്ദേശം പോലീസ്

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. കടുവയെ കണ്ട ലോറി ഡ്രൈവര്‍ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കു കയായിരുന്നു. കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. കടുവ റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്കു പോയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമാണ്.
വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്ബതാം വളവിലേക്ക് കടുവയെത്തിയതെന്നാണു നിഗമനം. രാത്രിയില്‍ ഉള്‍പ്പെടെ ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കടുവ കാടുകയറിയെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അധികൃതര്‍.ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്.

You may have missed