കോഴിക്കോട് ബീച്ച് അക്വേറിയം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു…
കോഴിക്കോട് ബീച്ചിനോട് ചേർന്ന് നിർമ്മിച്ച ബീച്ച് അക്വേറിയം വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. അക്വേറിയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്നും ഉടൻ പ്രവർത്തനസജ്ജമാകുമെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. 1995ൽ വിനോദ സഞ്ചാര വകുപ്പിന് കീഴിലാണ് അക്വേറിയം സ്ഥാപിച്ചിട്ടുള്ളത്. നക്ഷത്ര മത്സ്യത്തിന്റെ രൂപത്തിലാണ് കെട്ടിടമുള്ളത്. ഫുഡ് കോർട്ട്, അലിഗേറ്റർ, വൈറ്റ് ഷാർക്ക്, പിരാന തുടങ്ങിയവയെല്ലാം ഉൾക്കൊണ്ട അക്വേറിയം സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.
1995 മെയ് 22ന് പ്രവർത്തനമാരംഭിച്ച അക്വേറിയം മുൻകാലങ്ങളിൽ ഡി ടി പി സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് 2018ലെ പ്രളയ സമയത്ത് അക്വേറിയം അടച്ചുപൂട്ടുകയും വീണ്ടും പ്രവർത്തനസജ്ജമാക്കാൻ പുതിയ ടെൻഡർ വിളിച്ചപ്പോൾ കരാർ ഏറ്റെടുക്കാൻ ആരും തന്നെ മുന്നോട്ടു വരുകയും ചെയ്തിരുന്നില്ല. പിന്നീട് 2022 ൽ മലബാർ ടൂറിസം ആൻഡ് ട്രാവലിംഗ് സൊസൈറ്റി അക്വേറിയം വാടകയ്ക്കെടുത്ത് നടത്തിയിരുന്നു. വാടക കുടിശ്ശിക വരുത്തിയതിനാൽ ടെൻഡർ റദ്ദാക്കുകയും പുതിയത് വിളിക്കുകയുമായിരുന്നു. ഈ നടപടിയെ തുടർന്ന് മലബാർ ടൂറിസം ആൻഡ് ട്രാവലിംഗ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടിശ്ശികത്തുക പൂർണ്ണമായും അടച്ചതിനുശേഷം മാത്രം ടെൻഡറിൽ പങ്കെടുക്കാൻ ഹൈക്കോടതി സൊസൈറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാൽ ഇതുവരെ സൊസൈറ്റി ഈ തുക അടച്ചിട്ടില്ല.