റോബിൻ ബസ് വിട്ടുകിട്ടാൻ ആർടിഒയെ സമീപിച്ച് നടത്തിപ്പുകാരൻ ഗിരീഷ്.
റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ബസ് വിട്ടു നൽകാനായി നടത്തിപ്പുകാരൻ ഗിരീഷ് തിരുവല്ല ആർടിഒയെ സമീപിച്ചു. ഡിസംബർ 18 വരെയാണ് നടപടി മരവിപ്പിച്ച് ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പെർമിറ്റുമായി ബന്ധപ്പെട്ട സർക്കാറിന്റെ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ പത്തനംതിട്ട എ ആർ ക്യാമ്പിലാണ് ബസ് സൂക്ഷിച്ചിട്ടുള്ളത്. കോൺട്രാക്ട് ക്യാരിയേജ് പെർമിറ്റിന്റെ ലംഘനം നടന്നു എന്ന പേരിലാണ് ബസ്സിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുള്ളത് എന്നാൽ ബസിന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ആണ് ഉള്ളത്. ചെക്ക് ബൗൺസ് കേസിൽ കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. റോബിൻ ബസുമായി ബന്ധപ്പെട്ട് സർക്കാരിനെയും എംവിഡിയെയും വെല്ലുവിളിച്ചതിന് തന്നോട് പോലീസ് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടുകയാണെന്നും ബസ്സുടമ ഗിരീഷിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഇടുക്കി സ്വദേശിയായ ബേബി ഗിരീഷിന്റെ ബസ്സായ റോബിൻ പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ പെർമിറ്റ് ലംഘനം നടന്നു എന്ന് ആരോപിച്ച് എം വി ഡി ബസ് പലയിടത്ത് തടയുകയും നിരവധി പിഴകൾ ഈടാക്കുകയും ചെയ്തിരുന്നു. കേരള ഗതാഗത വകുപ്പിന് പുറമേ തമിഴ്നാട് ഗതാഗത വകുപ്പും ഇതേ വകുപ്പുകൾ ഉൾപ്പെടുത്തി ബസ്സിനെതിരെ നടപടിയെടുത്തിരുന്നു.